മതകാര്യങ്ങളില്‍ ഇടപെടേണ്ട: സിപിഎമ്മിനോടു കാന്തപുരം
Thursday, January 23, 2025 3:00 AM IST
കോഴിക്കോട്: സിപിഎമ്മിനോടൊപ്പം ചേര്‍ന്നുനില്‍ക്കുന്ന കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് പാർട്ടിയുമായി അകലുന്നു.
മെക് സെവന് വ്യായാമക്കൂട്ടായ്മയില്‍ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചു വ്യായാമം ചെയ്യുന്നതിനെതിരേ കാന്തപുരം നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് രംഗത്തെത്തിയിരുന്നു. ഈ പരാമര്‍ശമാണു കാന്തപുരത്തെ ചൊടിപ്പിച്ചത്.
സിപിഎമ്മിന്റെ കണ്ണൂരിലെ പതിനെട്ട് ഏരിയാ സെക്രട്ടറിമാരില്‍ ഒരു സ്ത്രീയെപ്പോലും കാണാനില്ലെന്നു കാന്തപുരം തുറന്നടിച്ചു. ആലപ്പുഴയില്‍ സുന്നിസമ്മേളനത്തിലാണ് കാന്തപുരം എം.വി. ഗോവിന്ദനു മറുപടി നല്‍കിയത്.
മത നിയമങ്ങള്‍ പറയുമ്പോള്‍ പണ്ഡിതന്മാരുടെമേല് കുതിരകയറാന്‍ വരേണ്ടെന്നു ഗോവിന്ദനോടു കാന്തപുരം പറഞ്ഞു. “ഇസ്ലാമിന്റെ നിയമങ്ങള്‍ എന്താണു വേണ്ടതെന്നു പണ്ഡിതന്മാര് പറയും. മറ്റുള്ള മതക്കാര്‍ ഇസ്ലാമിന്റെ കാര്യത്തില്‍ അഭിപ്രായം പറയേണ്ട. കഴിഞ്ഞ ദിവസം ഒരാള്‍ അഭിപ്രായം പറയുന്നതു കേട്ടു. ഞാന്‍ പത്രമെടുത്ത് നോക്കിയപ്പോള്‍ അയാള്‍ ജീവിക്കുന്ന ജില്ലയില്‍ അയാളുടെ പാര്‍ട്ടിയിലെ ഏരിയാ സെക്രട്ടറിമാരില്‍ പതിനെട്ടും പുരുഷന്മാരാണ്.
ഒറ്റ പെണ്ണിനെയും അവര്‍ക്കു കിട്ടീട്ടില്ല. എന്താണ് അവിടെ സ്ത്രീകളെ പരിഗണിക്കാതിരുന്നത്. ഞങ്ങള്‍ ഇസ്ലാമിന്റെ വിധി പറയുന്നത് മുസ്ലിങ്ങളോടാണ്. ഇസ്ലാമിന്റെ നിയമങ്ങള്‍ ആലീമിങ്ങള്‍ പറയും. മറ്റുള്ള മതക്കാര്‍ അതില്‍ കടന്നുവന്ന് കൂടീട്ട് ഇസ്ലാമിന്റെ വിധി, അതവിടെ നടപ്പാകൂല്ല എന്നുപറഞ്ഞാല്‍ അംഗീകരിക്കാനാവില്ല”.
അന്യപുരുഷന്മാരുമായി ഇടകലര്‍ന്ന് സ്ത്രീകള്‍ വ്യായാമം ചെയ്യുന്നതിനെ കാന്തപുരം എതിര്‍ത്തിരുന്നു. ഇതിനെതിരേ കഴിഞ്ഞ ദിവസം എം.വി. ഗോവിന്ദന് രൂക്ഷമായി രംഗത്തുവന്നിരുന്നു.
സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ ഇറങ്ങരുതെന്നു പറയുന്നത് പിന്തിരിപ്പന് നിലപാടാണെന്നും അങ്ങനെ ശാഠ്യം പിടിക്കുന്നവര്‍ക്കു പിടിച്ചുനില്‍ക്കാനാവില്ലെന്നുമാണ് ഗോവിന്ദന് പറഞ്ഞത്. അത്തരക്കാര്‍ പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ടു പോകേണ്ടിവരുമെന്നും ഗോവിന്ദന് പറഞ്ഞിരുന്നു.
സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നുള്ള എന്തു പദ്ധതി കൊണ്ടുവന്നാലും ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നാണു കാന്തപുരത്തിന്റെ നിലപാട്.
കാന്തപുരം സിപിഎമ്മിനെ ഇത്ര രൂക്ഷമായി വിമര്‍ശിക്കുന്നത് നിലപാടു മാറ്റത്തിന്റെ സൂചനയാണെന്നു വിലയിരുത്തുന്നവരുണ്ട്. നേരത്തേ കാന്തപുരത്തിന്റെ സമ്മേളനങ്ങളില്‍ മുസ്ലിം ലീഗ് നേതാക്കള്‍ പങ്കെടുക്കാറുണ്ടായിരുന്നില്ല. തൃശൂരില്‍ നടന്ന സമ്മേളനത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടി പങ്കെടുത്തതു മാറ്റത്തിന്റെ സുചനയായിരുന്നു.
കാന്തപുരത്തിന്റെ കീഴിലുള്ള മര്‍ക്കസ് നോളജ് സിറ്റിയില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സന്ദര്‍ശനം നടത്തിയതും ശ്രദ്ധേയമാണ്. ലീഗിനോടുള്ള കാന്തപുരത്തിന്റെ നിലപാടില്‍ അയവു വന്നിട്ടുണ്ട്.
തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കാന്തപുരത്തെ യുഡിഎഫ് പക്ഷത്തേക്ക് എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്.