കുറുക്കോളിയുടെ മെട്രോ സ്വപ്നം
Friday, January 24, 2025 2:36 AM IST
സാബു ജോണ്
തിരുവനന്തപുരം: തിരൂരിൽ നിന്നു നിലന്പൂരിലേക്കു മെട്രോ ട്രെയിൻ വേണമെന്നാണ് കുറുക്കോളി മൊയ്തീന്റെ എളിയ ആവശ്യം. ഒരു കെ റെയിലിന്റെ കാര്യം പറഞ്ഞപ്പോൾ കുറ്റി പറിച്ചു വെള്ളത്തിലൊഴുക്കി പ്രതിഷേധിച്ചവർ മെട്രോ ട്രെയിൻ വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടാൽ എന്തായിരിക്കും പ്രതികരണം? കുറുക്കോളിക്കു മുൻകൂട്ടി കാണാൻ പറ്റാതെ പോയ പ്രതികരണം ശാന്തമായി അദ്ദേഹം ഏറ്റുവാങ്ങി.
നിയമസഭയിൽ ഒരു അംഗത്തിന് ഏതു കാര്യവും ഉന്നയിക്കാനുള്ള സ്വാതന്ത്ര്യം മുഖ്യമന്ത്രി അംഗീകരിച്ചു കൊടുക്കുന്നു. എന്നാലും ഇതൊക്കെ വേണോ എന്ന് സ്വയം ഒന്ന് ആലോചിക്കണ്ടേ എന്നു പിണറായി ചോദിച്ചു.
ഈ സർക്കാരോ ഇനി അടുത്ത ദശാബ്ദങ്ങളിൽ വരാൻ പോകുന്ന സർക്കാരുകളോ പരിഗണിക്കാൻ പോകുന്നില്ലാത്ത പദ്ധതി എന്നാണു മുഖ്യമന്ത്രി കുറുക്കോളിയുടെ ആവശ്യത്തെ വിശേഷിപ്പിച്ചത്. നഞ്ചൻകോട് - മൈസൂർ പാത എന്ന ആവശ്യം പരിഗണിക്കാമെന്നു വാക്കു കൊടുത്ത് കുറുക്കോളിയെ പിന്നീട് ചെറുതായൊന്ന് ആശ്വസിപ്പിച്ചു.
എകെജി സെന്ററിൽ നിന്നുള്ള കാപ്സ്യൂളുകളാണ് ഇടത് അംഗങ്ങൾ നിയമസഭയിൽ പറയുന്നതെന്നാണ് പ്രതിപക്ഷത്തുള്ളവർ പറയുന്നത്. ഇതു ശരിയാണെങ്കിൽ ഇന്നലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനായിരുന്നു ടാർഗറ്റ്. ചർച്ച തുടങ്ങിവച്ച കടകംപള്ളി സുരേന്ദ്രൻ തന്നെ സതീശനെതിരേ തിരിഞ്ഞു. കഴിഞ്ഞ ദിവസം സഭയിൽ സതീശൻ നടത്തിയ പ്രകടനം സഭയുടെ അന്തസിനു ചേരാത്തതായി പോയത്രെ.
അദ്ദേഹം നടത്തിയ ഒരു പദപ്രയോഗത്തിന്റെ അർഥം ചോദിച്ചറിഞ്ഞപ്പോൾ അതു സഭയിൽ പരസ്യമായി പറയാൻ കൊള്ളാത്തതാണെന്നാണു കടകംപള്ളിക്കു മനസിലായത്. സ്പീക്കറുടെ കസേര വലിച്ചു താഴെയിടുകയും നിയമസഭയിലെ കസേരയും മൈക്കുമെല്ലാം തല്ലിപ്പൊട്ടിക്കുകയും ചെയ്തവർ തങ്ങളെ നിയമസഭാ മര്യാദ പഠിപ്പിക്കേണ്ടെന്നു ടി.ജെ. വിനോദ് കടകംപള്ളിക്കു മറുപടി നൽകി.
വി.ഡി. സതീശൻ പ്രസംഗിച്ചതിനു ശേഷം ആക്ഷേപങ്ങൾക്കു മറുപടി പറയാൻ ഏഴുന്നേറ്റ മന്ത്രിമാരായ ജി.ആർ. അനിലും വീണാ ജോർജും പരാതിപ്പെട്ടതും പ്രതിപക്ഷനേതാവ് പച്ചക്കള്ളം പറയുന്നു എന്നായിരുന്നു.
വന്യജീവി ആക്രമണത്തിനെതിരേ പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തരപ്രമേയത്തിന്റെ നോട്ടീസ് അവതരിപ്പിച്ച ഡോ. മാത്യു കുഴൽനാടൻ അതിൽ നന്നായി രാഷ്ട്രീയവും കലർത്തി. ഇടതുഭരണത്തിൽ മലയോരജനതയുടെ ശബ്ദം ദുർബലമായി എന്നു പറഞ്ഞ മാത്യു കുത്തിയത് കേരള കോണ്ഗ്രസ്- എമ്മിനെ ആയിരുന്നു.
കെ.എം. മാണിയെ പോലുള്ള നേതാക്കളുടെ കാലത്ത് മലയോരജനതയ്ക്കു മെച്ചപ്പെട്ട പരിഗണന ലഭിച്ചിരുന്നു എന്നും മാത്യു പറഞ്ഞു. പ്രായശ്ചിത്തം എന്ന നിലയിൽ വി.ഡി. സതീശൻ നയിക്കുന്ന മലയോര ജാഥയിൽ ഒരു കേന്ദ്രത്തിലെങ്കിലും മന്ത്രി റോഷി അഗസ്റ്റിനും കേരള കോണ്ഗ്രസ്- എം പ്രവർത്തകരും പങ്കെടുക്കണമെന്നും മാത്യു ആവശ്യപ്പെട്ടു.
ദശാബ്ദങ്ങളോളം യുഡിഎഫിനൊപ്പം നിന്ന തങ്ങളെ ചവിട്ടി പുറത്താക്കിയത് കോണ്ഗ്രസ് ആണെന്നും അന്നു കൈ തന്നത് പിണറായി വിജയനും ഇടതുപക്ഷവുമാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഇപ്പോൾ കേരള കോണ്ഗ്രസ് പാർട്ടിയും മലയോരജനതയും പിണറായിയുടെ സംരക്ഷണത്തിൽ സുരക്ഷിതരാണെന്നും റോഷി പറഞ്ഞു.
മാത്യു കുഴൽനാടൻ സംസാരിക്കുന്പോൾ സ്പീക്കർ എ.എൻ. ഷംസീറുമായി കൊന്പുകോർക്കുന്നതു പതിവാണ്. ഇന്നലെയും ആ പതിവു തെറ്റിയില്ല. പരസ്പരം തർക്കിക്കുകയും ഒടുവിൽ രാജി ആക്കുകയും ചെയ്തു. ഗവർണറുടെ നയപ്രഖ്യാപനപ്രസംഗത്തിനുള്ള നന്ദിപ്രമേയം പാസാക്കി ഇന്നലെ പിരിഞ്ഞ നിയമസഭ ഇനി അടുത്ത മാസം ഏഴിന് ബജറ്റ് അവതരണത്തിനു ചേരും.