ജാമ്യഹര്‍ജി പരിഗണിച്ചില്ല; മജിസ്ട്രേറ്റിനോട് വിശദീകരണം തേടി
Thursday, January 23, 2025 3:52 AM IST
കൊച്ചി: ഹൈക്കോടതി നിര്‍ദേശിച്ചിട്ടും ജാമ്യഹര്‍ജി പരിഗണിക്കാതെ പ്രതിയെ റിമാന്‍ഡ് ചെയ്ത ഇരിങ്ങാലക്കുട മജിസ്ട്രേറ്റിനോടു വിശദീകരണം തേടി ഹൈക്കോടതി.
ഇരിങ്ങാലക്കുട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ ഗോപകുമാറിനെ റിമാന്‍ഡ് ചെയ്ത സംഭവത്തിലാണ് ജസ്റ്റീസ് സി. ജയചന്ദ്രന് വിശദീകരണം തേടിയത്. ഹര്‍ജിക്കാരനു കോടതി ഇടക്കാല ജാമ്യവും അനുവദിച്ചു.
മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് ചോദ്യം ചെയ്തു നേരത്തേ ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് വാറന്റ് മരവിപ്പിക്കുകയും ഈ മാസം 15ന് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകാൻ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
ജാമ്യഹര്‍ജി സമര്‍പ്പിച്ചാല്‍ അന്നുതന്നെ പരിഗണിക്കാനും നിര്‍ദേശിച്ചു. 15ന് ബന്ധപ്പെട്ട മജിസ്ട്രേറ്റ് അവധിയിലായതിനാല്‍ പകരം ചുമതലയുള്ള മജിസ്ട്രേറ്റാണു വിഷയം പരിഗണിച്ചത്.