സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ; അപേക്ഷകൾ ഫെബ്രുവരി 11 വരെ
Friday, January 24, 2025 2:36 AM IST
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്സി) നടത്തുന്ന 2025ലെ സിവിൽ സർവീസസ് പരീക്ഷയുടെ ആദ്യ ഘട്ടമായ പ്രിലിമിനറി പരീക്ഷയ്ക്ക് ഫെബ്രുവരി 11 വരെ അപേക്ഷിക്കാം.
ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്, ഇന്ത്യൻ ഫോറിൻ സർവീസ്, ഇന്ത്യൻ പോലീസ് സർവീസ്, രാജ്യത്തെ വിവിധ ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി സർവീസുകൾ എന്നിവയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അനുയോജ്യരായവരെ തെരഞ്ഞെടുക്കാനാണ് സിവിൽ സർവീസസ് പരീക്ഷ നടത്തുന്നത്. സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടുന്നവർ സിവിൽ സർവീസസ് (മെയിൻ) പരീക്ഷ, ഇന്റർവ്യൂ/ പഴ്സണാലിറ്റി ടെസ്റ്റ് എന്നിവ അഭിമുഖീകരിക്കണം. ഇത്തവണ 23 സർവീസുകളിലായി 979 ഒഴിവുകളാണ് ഉള്ളത്. സിവിൽ സർവീസസിന്റെയും ഇന്ത്യൻ ഫോറസ്റ്റ് സർവീസസിന്റെയും പ്രിലിമിനറി പരീക്ഷകൾ മേയ് 25നാണ്.
979 തസ്തികകൾ
പരീക്ഷയുടെ വിവിധഘട്ടങ്ങൾ കടന്ന് അർഹത നേടുന്ന 979 പേർക്കാണ് 23 സർവീസുകളിലായി നിയമനം ലഭിക്കുക. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 77 തസ്തികകളുടെ കുറവാണ്. കഴിഞ്ഞ വർഷം 1056 പേരുടെ തസ്തികയാണുണ്ടായിരുന്നത്. 2021നുശേഷം (712) തസ്തികകളുടെ എണ്ണം കുറയുന്നത് ഈ വർഷമാണ്. 2022ൽ 1011, 2023ൽ 1105 എന്നിങ്ങനെയായിരുന്നു തസ്തികകളുടെ എണ്ണം.
മറ്റ് സർവീസുകളിൽ ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ്, ഇന്ത്യൻ സിവിൽ അക്കൗണ്ട്സ്, ഇന്ത്യൻ കോർപറേറ്റ് ലോ, ഇന്ത്യൻ ഡിഫൻസ് അക്കൗണ്ട്സ്, ഇന്ത്യൻ ഡിഫൻസ് എസ്റ്റേറ്റ്സ്, ഇന്ത്യൻ ഇൻഫർമേഷൻ, ഇന്ത്യൻ പോസ്റ്റൽ, ഇന്ത്യൻ പോസ്റ്റ് ആൻഡ് ടെലികമ്യൂണിക്കേഷൻ അക്കൗണ്ട്സ് ആൻഡ് ഫിനാൻസ്, ഇന്ത്യൻ റെയിൽവേ മാനേജ്മെന്റ് (ട്രാഫിക്), ഇന്ത്യൻ റെയിൽവേ മാനേജ്മെന്റ് (പഴ്സണൽ), ഇന്ത്യൻ റെയിൽവേ മാനേജ്മെന്റ് (അക്കൗണ്ട്സ്), ഇന്ത്യൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, ഇന്ത്യൻ റവന്യു (കസ്റ്റംസ് ആൻഡ് ഇൻഡയറക്ട് ടാക്സസ്), ഇന്ത്യൻ റവന്യു (ഇൻകം ടാക്സ്), ഇന്ത്യൻ ട്രേഡ് എന്നീ ഗ്രൂപ്പ് എ സർവീസുകളും അഞ്ച് ഗ്രൂപ്പ് ബി സർവീസുകളും ഉൾപ്പെടുന്നു.
ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ 150 ഒഴിവുകൾ
ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയ്ക്കും അപേക്ഷിക്കാം. ഇതിന്റെയും പ്രാഥമികപരീക്ഷയാണ് സിവിൽ സർവീസസ് പ്രിലിമിനറി. ഇതിൽ യോഗ്യത നേടുന്നവർക്കേ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയുടെ രണ്ടാംഘട്ടമായ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (മെയിൻ) പരീക്ഷയ്ക്ക് (റിട്ടണ്‍ ആൻഡ് ഇന്റർവ്യൂ) അർഹത ലഭിക്കൂ. മൊത്തം 150 ഒഴിവുകളാണ് ഫോറസ്റ്റ് സർവീസിലുള്ളത്.
പ്രവേശനയോഗ്യത
ഐഎഎസ്, ഐപിഎസ്, ഐഎഫ്സ് പരീക്ഷാർഥികൾ ഇന്ത്യൻ പൗരന്മാരാകണം. മറ്റ് സർവീസുകളിലേക്ക് അപേക്ഷിക്കുന്നവർ ഇന്ത്യൻ പൗരന്മാരോ അല്ലെങ്കിൽ 1962 ജനുവരി ഒന്നിനു മുന്‍പ് ഇന്ത്യയിൽ സ്ഥിരതാമസമെന്ന ഉദ്ദേശ്യത്തോടെ നേപ്പാൾ, ഭൂട്ടാൻ, ടിബറ്റൻ അഭയാർഥികളോ ആയിരിക്കണം. പ്രായം: 1.8.2025-ന് 21 വയസ് ആയിരിക്കണം. പക്ഷേ, 32 വയസ് ആകരുത്. 1993 ഓഗസ്റ്റ് രണ്ടിനുമുൻപോ 2004 ഓഗസ്റ്റ് ഒന്നിനുശേഷമോ ജനിച്ചതായിരിക്കരുത്. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും പിഡബ്ല്യുബിഡി വിഭാഗക്കാർക്ക് 10-ഉം വർഷത്തെ ഇളവ് ഉയർന്ന പ്രായപരിധിയിൽ ലഭിക്കും. മറ്റു ചില വിഭാഗക്കാർക്കും ഇളവുണ്ട്. വിശദാംശങ്ങൾ upsc.gov.in-ലെ വിജ്ഞാപനത്തിലുണ്ട്.
വിദ്യാഭ്യാസയോഗ്യത
ഏതെങ്കിലും വിഷയത്തിൽ ഗ്രാജ്വേറ്റ് ബിരുദമുള്ളവർക്ക് സിവിൽ സർവീസസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഫോറസ്റ്റ് സർവീസ് പരീക്ഷയെഴുതാൻ അനിമൽ ഹസ്ബൻഡറി ആൻഡ് വെറ്ററിനറി സയൻസ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി എന്നിവയിലൊരു വിഷയമെങ്കിലും പഠിച്ചുള്ള ബാച്ലർ ബിരുദമോ അഗ്രിക്കൾച്ചർ, ഫോറസ്ട്രി, എൻജിനിയറിംഗ് ബാച്ലർ ബിരുദമോ ഉണ്ടായിരിക്കണം. യോഗ്യതാ കോഴ്സ് അന്തിമപരീക്ഷ അഭിമുഖീകരിക്കാൻ പോകുന്നവർ, ഫലം കാത്തിരിക്കുന്നവർ എന്നിവർക്കും അപേക്ഷിക്കാം.
മെയിൻ പരീക്ഷയ്ക്ക് അപേക്ഷിക്കും മുന്‍പ് ഇവർ പരീക്ഷ ജയിച്ചതിന്റെ പ്രൂഫ് സമർപ്പിക്കണം. എംബിബിഎസ് അവസാന വർഷം പൂർത്തിയാക്കിയിട്ടും ഇതുവരെ ഇന്റേണ്‍ഷിപ്പ് പൂർത്തിയാക്കാത്ത മെഡിക്കൽ വിദ്യാർഥികൾക്കും അപേക്ഷിക്കാം. എന്നാൽ ഇവർ മെയിൻ പരീക്ഷയ്ക്കുള്ള അപേക്ഷയ്ക്കൊപ്പം ബന്ധപ്പെട്ട അഥോറിറ്റിയിൽനിന്നുള്ള കോഴ്സ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
അവസരങ്ങൾ
സിവിൽ സർവീസസ് പരീക്ഷ പൊതു വിഭാഗത്തിന് ആറു തവണ മാത്രമേ ഒരാൾക്ക് അഭിമുഖീകരിക്കാൻ കഴിയൂ. ഒബിസി വിഭാഗക്കാർക്കും ഭിന്നശേഷിവിഭാഗങ്ങൾക്കാം ഒൻപത് ചാൻസുകൾ ലഭിക്കും. പട്ടികവിഭാഗക്കാർക്ക് എത്രതവണ വേണമെങ്കിലും അഭിമുഖീകരിക്കാം.
പ്രിലിമിനറി പരീക്ഷയുടെ ഒരു പേപ്പറെങ്കിലും അഭിമുഖീകരിച്ചത് ഒരു ചാൻസായി പരിഗണിക്കും. തെരഞ്ഞെടുക്കപ്പെടാൻ അപേക്ഷകർ നല്‍കേണ്ട മെഡിക്കൽ, ഫിസിക്കൽ നിലവാരം വിജ്ഞാപനങ്ങളിൽ ലഭ്യമാണ്. വ്യവസ്ഥകൾ രണ്ടുപരീക്ഷകൾക്കും ബാധകമാണ്.
അപേക്ഷ നൽകേണ്ടത്
upsconline.gov.in വഴി ഫെബ്രുവരി 11-ന് വൈകുന്നേരം ആറുവരെ ഓണ്‍ലൈനായി നൽകാം. സിവിൽ സർവീസസ് പരീക്ഷയ്ക്കും ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയ്ക്കും അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ പൊതുവായ അപേക്ഷ നൽകിയാൽ മതി. രണ്ടിലേക്കുമുള്ള താൽപര്യം അപേക്ഷയിൽ രേഖപ്പെടുത്തണം.
വനിതകൾ, പട്ടിക/ ഭിന്നശേഷി വിഭാഗക്കാർ എന്നിവർക്ക് അപേക്ഷാഫീസില്ല. മറ്റുള്ളവർ അപേക്ഷാഫീസായി 100 രൂപ അടയ്ക്കണം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ പണമായി അടയ്ക്കാം. നെറ്റ് ബാങ്കിംഗ്, വീസ/ മാസ്റ്റർ/ റുപേ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ്/ യുപിഐ പേമെന്റ് വഴി ഓണ്‍ലൈനായും അടയ്ക്കാം.