നെല്ലിന്റെ താങ്ങുവില: തീരുമാനം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ
Thursday, January 23, 2025 3:52 AM IST
തിരുവനന്തപുരം: നെല്ലു സംഭരണവുമായി ബന്ധപ്പെട്ട വി.കെ. ബേബി കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും നെല്ലിന്റെ താങ്ങുവില ഉയർത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ തീരുമാനമെന്ന് മന്ത്രി പി. പ്രസാദ് നിയമസഭയിൽ അറിയിച്ചു.
വി.കെ. ബേബി കമ്മിറ്റി റിപ്പോർട്ട് ഇപ്പോൾ മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയിലാണ്. സമയബന്ധിതമായി ചർച്ച നടത്തി തീരുമാനം കൈക്കൊള്ളും. നെല്ലിന്റെ സംഭരണവില വർധിപ്പിക്കണമെന്ന കാര്യത്തിൽ സർക്കാരിന് അനുഭാവ നിലപാടാണുള്ളതെന്നും മുരളി പെരുനെല്ലിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി അറിയിച്ചു.
നെൽപ്പാടങ്ങളുടെ വിസ്തൃതി കുറയുന്നത് തടയാനും ഉത്പാദനം കൂട്ടാനുമുള്ള പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഒരു ക്വിന്റൽ നെല്ലിന് 2300 രൂപയാണ് കേന്ദ്രം താങ്ങുവിലയായി നൽകുന്നത്. ഇതു കുറവാണ്. നെല്ലിന്റെ ഉത്പാദനച്ചെലവ് കുറഞ്ഞ സംസ്ഥാനങ്ങളെ കണക്കിലെടുത്താണ് തുക നിശ്ചയിച്ചിരിക്കുന്നത്.
സംസ്ഥാനാധിഷ്ഠിതമായി താങ്ങുവില നിശ്ചയിക്കണമെന്ന ആവശ്യമാണ് സർക്കാർ ഉന്നയിക്കുന്നത്. കിലോയ്ക്ക് 40 രൂപയാണ് ആവശ്യപ്പെട്ടത്. അതോടൊപ്പം ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ പുതിയ നിബന്ധനകൾ കൂടിയായപ്പോൾ കർഷകർ കൂടുതൽ ബുദ്ധിമുട്ടിലായി.
കിലോയ്ക്ക് 28.32 രൂപ സംഭരണവില നിശ്ചയിച്ചാണ് സംസ്ഥാനം നെല്ല് സംഭരിക്കുന്നത്. 1077.67 കോടി രൂപ താങ്ങുവിലയായി കേന്ദ്രം നൽകാനുണ്ട്. അതോടൊപ്പം മില്ലുകൾക്ക് ട്രാൻസ്പോർട്ടേഷൻ ചാർജിനത്തിൽ നൽകാനുള്ള തുകയായ 257.41 കോടി സപ്ലൈകോ നൽകി. ഈ തുക കേന്ദ്രം തിരികെ നൽകാനുള്ളതാണ്.