വൈദ്യുതിമന്ത്രിയെ തിരുത്തി മുഖ്യമന്ത്രി
Thursday, January 23, 2025 3:52 AM IST
തിരുവനന്തപുരം: വ്യവസായ ആവശ്യത്തിന് വൈദ്യുതി ഉത്പാദിപ്പിച്ചശേഷം ആവശ്യം കഴിഞ്ഞുള്ളത് കെഎസ്ഇബിക്ക് നൽകുന്ന കാപ്റ്റീവ് ജനറേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടിയെ നിയമസഭയിൽ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ.
കാപ്റ്റീവ് ജനറേഷൻ പദ്ധതി തുടരണമെന്നതാണ് സർക്കാർ നയമെന്നും ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ കേരളം ഒന്നാമതെത്തി നിൽക്കുകയാണെന്നും അതിന് തടസമാകുന്ന നടപടികളിലേക്കു പോകാനാകില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അവർക്കു വേണ്ട വൈദ്യുതി അവർ ഉത്പാദിപ്പിച്ച് ബാക്കി കെഎസ്ഇബിക്കു കൈമാറും. ഇതുവരെ ദോഷം വരുന്ന സമീപനം കാർബോറാണ്ടം യൂണിവേഴ്സൽ കമ്പനി ലിമിറ്റഡ് സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ വൈദ്യുതിമന്ത്രിയും വ്യവസായമന്ത്രിയും തമ്മിൽ ഒരു തർക്കവുമില്ലെന്നു പറഞ്ഞ പിണറായി വിജയൻ, വ്യവസായ മന്ത്രിയുടെ സമീപനത്തെ പിന്തുണയ്ക്കുകയായിരുന്നു.
1990ൽ 30 വർഷ ബിഒടി കാലാവധിയിലാണ് മണിയാർ പദ്ധതി കാർബോറാണ്ടം കമ്പനിക്കു നൽകിയതെന്നും കാലാവധി കഴിഞ്ഞിട്ടും മണിയാർ പദ്ധതി കെഎസ്ഇബിക്ക് കൈമാറിയില്ലെന്നും സബ്മിഷനിൽ രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
12 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള അനുമതിയാണ് കാർബോറാണ്ടം കമ്പനിക്ക് നൽകിയിരുന്നതെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. 30 വർഷത്തേക്കാണ് അനുവദിച്ചത്. കമ്പനിയുടെ പാലക്കാട്, കൊരട്ടി, കളമശേരി ഫാക്ടറികൾ പ്രവർത്തിപ്പിക്കാനാണിത്.
ആവശ്യം കഴിഞ്ഞുള്ള വൈദ്യുതി കെഎസ്ഇബിക്കു നൽകണമെന്നാണ് കരാർ. കാലാവധി കഴിഞ്ഞതോടെ അത് 25 വർഷത്തേക്കുകൂടി നീട്ടണമെന്ന് കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് വ്യവസായത്തിന് സഹായകരമാകുമെന്നാണ് വൈദ്യുതി ബോർഡിനെ അറിയിച്ചത്.
കരാർ അവസാനിച്ചപ്പോൾ വൈദ്യുതി ബോർഡ് നോട്ടീസ് നൽകിയിരുന്നു. ബോർഡിന് ദോഷകരമാകാത്തതും വ്യവസായ അന്തരീക്ഷത്തിന് ഗുണകരമാകുന്നതുമായ നടപടിയാകും ഇക്കാര്യത്തിൽ കൈക്കൊള്ളുകയെന്ന് മന്ത്രി നിയമസഭയിൽ അറിയിച്ചു.
ബിഒടി കരാർ കാലാവധി കഴിഞ്ഞാൽ അത് ഏറ്റെടുക്കുകയെന്നതു സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. കാർബോറാണ്ടത്തിന് കരാർ നീട്ടിനൽകിയാൽ 12 മറ്റ് കമ്പനികൾക്കും നീട്ടി നൽകേണ്ടിവരും.
ആവശ്യത്തിന് വൈദ്യുതി ഉപയോഗിച്ച ശേഷം ബാക്കിയുള്ളത് കെഎസ്ഇബിക്ക് വിറ്റതിലൂടെ ഇതുവരെ 300 കോടിയോളം രൂപ അവർ ലാഭമുണ്ടാക്കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.