ഏകീകൃത കുര്‍ബാന: മാര്‍ പാംപ്ലാനിയുടെ ഇടപെടലുകൾക്ക് പിന്തുണയുമായി കത്തോലിക്ക കോണ്‍ഗ്രസ്
Thursday, January 23, 2025 3:00 AM IST
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പിലാക്കുകവഴി സഭയില്‍ സമാധാനം സംജാതമാക്കുന്നതിനായി മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ വികാരിയായി ചുമതലയേറ്റ ആർച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിക്ക് കത്തോലിക്ക കോണ്‍ഗ്രസ് സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
മേജര്‍ ആര്ച്ച്ബിഷപ്പിനോടും സിനഡ് പിതാക്കന്മാരോടും ചേര്‍ന്ന് എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രശ്നങ്ങള്‍ക്കുള്ള ശാശ്വത പരിഹാരം നടപ്പിലാക്കാന്‍ മാര്‍ പാംപ്ലാനിക്കു കഴിയുമെന്ന പ്രത്യാശയും കത്തോലിക്ക കോണ്‍ഗ്രസ് പ്രകടിപ്പിച്ചു.
സീറോമലബാര്‍ സഭയുടെ ഔദ്യോഗിക സമുദായ സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസിന് എക്കാലത്തും സഭയ്ക്കും സിനഡിനുമൊപ്പം എന്നുള്ള പ്രഖ്യാപിത നിലപാടാണുള്ളത്. പൊതു സമൂഹത്തില്‍ സഭയെയും സമൂഹത്തെയും ഇകഴ്ത്തുന്ന നിലപാടും പ്രവര്‍ത്തനങ്ങളും സഭയുടെ കൂട്ടായ്മയ്ക്കും അതിരൂപതയുടെ നന്മയ്ക്കും ഭൂഷണമല്ല. അതിരൂപതയിലെ ബഹുഭൂരിപഷം വരുന്ന വിശ്വാസിസമൂഹം ആഗ്രഹിക്കുന്ന ഐക്യവും സമാധാനവും ഉറപ്പാക്കാന്‍ മാർ പാംപ്ലാനിയുടെ ഇടപെടലുകളിലൂടെ കഴിയും.
ഏകീകൃത കുര്‍ബാന വിഷയം അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്നും നിലവില്‍ അതിരൂപതയെ ശക്തമായി നയിച്ചുകൊണ്ടിരിക്കുന്ന കൂരിയയെ മാറ്റരുതെന്നും കത്തോലിക്ക കോണ്‍ഗ്രസ് എറണാകുളം-അങ്കമാലി അതിരൂപത സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
അതിരൂപത പ്രസിഡന്റ് ഫ്രാന്‍സിസ് മൂലന്, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ബെന്നി ആന്റണി, ജനറല്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ ചെന്നെക്കാടന്‍, ട്രഷറര്‍ എസ്.ഐ.തോമസ്, ഡെന്നി തെക്കിനേടത്ത്, സെജോ ജോണ്‍ എന്നിവരടങ്ങിയ പ്രതിനിധികളാണ് മാര്‍ ജോസഫ് പാംപ്ലാനിയുമായി ചര്‍ച്ച നടത്തിയത്.