മുനമ്പം ഭൂമിപ്രശ്നം ; ഫെബ്രുവരി അവസാന വാരം സർക്കാരിനു റിപ്പോർട്ട് സമർപ്പിക്കും
Friday, January 24, 2025 2:36 AM IST
കാക്കനാട്: മുനമ്പം ഭൂമി പ്രശ്നത്തിൽ മൂന്ന് തീയതികളിലായി ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷൻ നടത്തിയ പബ്ലിക് ഹിയറിംഗ് അവസാനിച്ചു.
ഇന്നലെ രാവിലെ 10.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന പബ്ലിക് ഹിയറിംഗിൽ വിവിധ സംഘടനകളും വ്യക്തികളും തങ്ങളുടെ അഭിഭാഷകരുമായെത്തി ഭൂമിപ്രശ്നം സംബന്ധിച്ച് നടത്തിയ വാദങ്ങൾ കേട്ടു.
ഇനി ഈ വിഷയത്തിൽ ഫെബ്രുവരി അവസാന വാരത്തോടെ സർക്കാരിനു വിശദമായ റിപ്പോർട്ട്സമർപ്പിക്കുമെന്നു കമ്മീഷൻ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അറിയിച്ചു.
വഖഫ് ആക്ടിനു വിരുദ്ധമായി ഫാറൂഖ് കോളജ് ഭൂമി വിറ്റിട്ടുണ്ടോ എന്നു പരിശോധിക്കും. വിറ്റത് തെറ്റാണെങ്കിൽ ഫാറൂഖ് കോളജാണു നഷ്ടപരിഹാരം നൽകേണ്ടത്. കമ്മീഷന് ഇക്കാര്യത്തിൽ അഭിപ്രായം പറയാം. മുനമ്പം ഭൂമിവിഷയത്തിൽ വഖഫ് ആക്ടാണ് ആധാരം. നിയമ നിർമാണത്തിലൂടെ ഇക്കാര്യത്തിൽ പരിഹാരം ഉണ്ടാക്കാൻ കേന്ദ്ര സർക്കാരിനേ കഴിയൂ.
ലിമിറ്റേഷൻ ആക്ടിൽ കേന്ദ്ര സർക്കാരാണു തീരുമാനം പറയേണ്ടത്. 1950ൽ നടന്ന ആധാരമാണ്. 75 വർഷം പിന്നിട്ടതിനാൽ ഭൂമി വാങ്ങി ആധാരം രജിസ്റ്റർ ചെയ്ത് പട്ടയമാക്കി പോക്കുവരവ് ചെയ്ത് കൈവശം വച്ചിട്ടുള്ളവരിൽനിന്നും അതു തിരികെപ്പിടിക്കാൻ നിയമപ്രകാരവും അസാധ്യമാണ്- കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ പറഞ്ഞു.
ഭൂസംരക്ഷണ സമിതി രക്ഷാധികാരി ഫാ. ആന്റണി സേവ്യർ തറയിൽ, ചെയർമാൻ ജോസഫ് റോക്കി പാലക്കൽ, സമരസമിതി കൺവീനർ ജോസഫ് ബെന്നി കുറുപ്പശേരി, എസ്എൻഡിപി മുനമ്പം ശാഖാപ്രസിഡന്റ് മുരുകൻ കാതികുളത്ത്, അഡ്വ. സിദ്ധാർഥ് വാര്യർ എന്നിവർ ഇന്നലെ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ഹിയറിംഗിൽ പങ്കെടുത്തു. അതേസമയം, മുനമ്പം ഭൂസംരക്ഷണ സമിതി സമരം ഇന്നലെ 104-ാം ദിവസത്തിലേക്കു കടന്നു.