"550 രൂപയ്ക്കു കിട്ടുന്ന കിറ്റ് വാങ്ങിയത് 1550ന് '; പുതിയ വെളിപ്പെടുത്തലുമായി സതീശൻ
Thursday, January 23, 2025 3:52 AM IST
തിരുവനന്തപുരം: പിപിഇ കിറ്റ് കൊള്ളയിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കോവിഡ് കാലത്ത് 1550 രൂപയ്ക്ക് മഹാരാഷ്ട്ര ആസ്ഥാനമായുള്ള സാൻ ഫാർമയിൽ നിന്നു പിപിഇ കിറ്റ് വാങ്ങാൻ സർക്കാർ ഉത്തരവിറക്കുന്നതിന്റെ തലേന്ന് അനിത ടെക്സ്റ്റികോട്ട് എന്ന സ്ഥാപനം 550 രൂപ നിരക്കിൽ 25,000 പിപിഇ കിറ്റ് നൽകാമെന്നു പറഞ്ഞിരുന്നു. അവരുടെ കൈയിൽ നിന്നു വാങ്ങാതെയാണ് മൂന്നിരട്ടി വിലയ്ക്ക് സാൻ ഫാർമയിൽനിന്നു വാങ്ങിയത്.
പിപിഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നു സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, അന്ന് കിറ്റ് കിട്ടാനില്ലായിരുന്നതുകൊണ്ടാണ് വാങ്ങേണ്ടിവന്നതെന്നാണ് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ മറുപടി നൽകിയത്.
മുൻ ആരോഗ്യമന്ത്രിയുടെ വാദം പൊളിയുകയാണ്. നിയമവിരുദ്ധമായി സാൻ ഫാർമയ്ക്ക് 100 ശതമാനം അഡ്വാൻസും നൽകി. 550 രൂപയ്ക്ക് കിറ്റ് നൽകിയിരുന്ന കമ്പനികളൊക്കെ 10 ദിവസം കൊണ്ട് എത്തിച്ചപ്പോൾ 100 ശതമാനം പണവും അഡ്വാൻസായി നൽകിയ സാൻഫാർമ വൈകിയാണ് സപ്ലെ ചെയ്തത്. കേരള മെഡിക്കൽ സർവീസസ് കോർപറേഷനെ അഴിമതിയുടെ കൂത്തരങ്ങാക്കി സർക്കാർ മാറ്റി.
ജനങ്ങളുടെ ജീവനുവരെ ഭീഷണി ഉയർത്തുന്ന തരത്തിലേക്ക് ഈ അഴിമതി മാറിയിരിക്കുന്നു. ആശുപത്രികളിൽ അവശ്യമരുന്നുകൾക്കുപോലും ക്ഷാമം നേരിടുന്നതിനു കാരണം കെഎംഎസ്സിഎല്ലിന്റെ പിടിപ്പുകേടാണെന്നും റിപ്പോർട്ട് അടിവരയിടുന്നതായും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.