മുനമ്പത്തിന് ശാശ്വത നീതി വേണം: മോന്‍സ്
Friday, January 24, 2025 2:41 AM IST
തിരുവനന്തപുരം: മുനമ്പത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ശാശ്വത നീതി ഉറപ്പുവരുത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തര തീരുമാനം ഉണ്ടാകണമെന്നു കേരളാ കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ നിയമസഭയില്‍ ആവശ്യപ്പെട്ടു.
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമീപകാലത്ത് കേരളത്തില്‍ ഏറ്റവും സജീവമായി ചര്‍ച്ച ചെയ്ത മുനമ്പം പ്രശ്നത്തെക്കുറിച്ച് ഇടതുപക്ഷ സര്‍ക്കാര്‍ നയപ്രഖ്യാപനത്തില്‍ ഒളിച്ചോട്ടം നടത്തിയിരിക്കുകയാണെന്നു മോന്‍സ് കുറ്റപ്പെടുത്തി.
മുനമ്പത്തെ ഭൂമി മുനമ്പത്തെ കുടുംബങ്ങള്‍ക്ക് എന്ന സത്യസന്ധവും നീതിപൂര്‍വ്വവുമായ നിലപാട് നിയമപരവും സാങ്കേതികവുമായ വഖഫ് തടസ്സങ്ങളില്‍ നിന്ന് ഒഴിവാക്കി ശാശ്വത പ്രശ്ന പരിഹാരം യാഥാര്‍ത്ഥ്യമാക്കാനാണ് സര്‍ക്കാര്‍ കാര്യക്ഷമത കാണിക്കേണ്ടതെന്ന് മോന്‍സ് ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ കാര്‍ഷിക മേഖലയെ ഇടതുപക്ഷ സര്‍ക്കാര്‍ നയപ്രഖ്യാപനത്തില്‍ അവഗണിച്ചതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാര്‍ഷികമേഖലയുടെ രക്ഷയ്ക്കുവേണ്ടി പുത്തന്‍ കര്‍മ്മപരിപാടികള്‍ ഏറ്റെടുത്ത് നടപ്പാക്കേണ്ട ഈ കാലഘട്ടത്തില്‍ സര്‍ക്കാര്‍ നിസംഗതയോടെ നോക്കിനില്‍ക്കുകയാണ്.
നെല്‍കൃഷിക്കാരോട് എല്ലാ വര്‍ഷവും സര്‍ക്കാര്‍ വഞ്ചനയാണ് കാണിക്കുന്നത്. മുന്‍വര്‍ഷങ്ങളിലെ കുടിശിക തീര്‍ക്കാന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ നല്കുന്ന ഫണ്ട് പോലും കൃഷിക്കാര്‍ക്ക് പ്രയോജനകരമായി ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയുന്നില്ല. നെല്‍കൃഷി സംരക്ഷണത്തിന് അത്യന്താപേക്ഷിതമായ റിവോള്‍വിംഗ് പാക്കേജ് വരുന്ന ബജറ്റിലെങ്കിലും സര്‍ക്കാര്‍ പ്രഖ്യാപിക്കണം.
റബറിന്റെ താങ്ങുവില 250 രൂപയായി വര്‍ധിപ്പിക്കുമെന്നുള്ള എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാന്‍ ഭരണത്തില്‍ ഒന്‍പത് വര്‍ഷമായിട്ടും പിണറായി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
റബര്‍ കര്‍ഷകരുടെ ന്യായമായ ആവശ്യം കണക്കിലെടുത്ത് റബര്‍ വില സ്ഥിരതാ ഫണ്ട് 300 രൂപയായി വര്‍ധിപ്പിക്കണമെന്ന് മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു.