സ്ഥാപനം കൈക്കലാക്കിയെന്ന് ജോണ്‍ ഫെര്‍ണാണ്ടസിനെതിരേ ആരോപണം
Friday, January 24, 2025 2:37 AM IST
കൊച്ചി: മുന്‍ എംഎല്‍എ ജോണ്‍ ഫെര്‍ണാണ്ടസും ഭാര്യ ജെസിയും ചേര്‍ന്നു വഞ്ചനയിലൂടെ തന്റെ സ്ഥാപനം കൈക്കലാക്കിയെന്ന ആരോപണവുമായി പാലാരിവട്ടം സ്വദേശി. ഇരുവര്‍ക്കുമെതിരേ തെളിവുസഹിതം പോലീസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കുന്നില്ല.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, മന്ത്രി പി. രാജീവ്, സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന് എന്നിവര്‍ക്ക് രേഖാ മൂലം പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനായ കെ.വി. വേണുഗോപാല്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
ജോണ്‍ ഫെര്‍ണാണ്ടസ് സ്കൂള്‍കാലം മുതലുള്ള സുഹൃത്താണ്. വൃക്കരോഗം ബാധിച്ചതോടെ തന്നെ സഹായിക്കാനെത്തിയ ഇരുവരും സ്ഥാപനം നടത്താന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചതോടെ 2022 ജൂണ്‍ ഒന്നുമുതല്‍ നടത്തിപ്പിനായി കൊടുക്കുകയായിരുന്നു. എന്നാല്‍ യാതൊരുവിധ പാര്‍ട്ണര്‍ഷിപ്പും ഇരുവരുമായി ഉണ്ടായിരുന്നില്ല.
നടത്തിപ്പിലേക്കായി 19,000 രൂപയും ജോണ്‍ ഫെര്‍ണാണ്ടസിന് കൈമാറി. രോഗബാധിതനായിരുന്നതിനാല്‍ പിന്നീടുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ജൂലൈ 27ന് ജീവനക്കാരെ പിരിച്ചുവിടുകയും തന്നെ അറിയിക്കാതെ സ്ഥാപനം പൂട്ടുകയും ചെയ്തു. തുടര്‍ന്ന് അത്യാധുനിക മെഷീനറികളടക്കം 40 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളും ലൈസന്‍സ് അടക്കമുള്ള രേഖകളും ഇവിടെനിന്ന് കടത്തിക്കൊണ്ടുപോവുകയായിരുന്നു.
പിന്നീടുള്ള അന്വേഷണത്തില്‍ നെടുമ്പാശേരി മേയ്ക്കാട് ജോണ്‍ ഫെര്‍ണാണ്ടസിന്റെ മകളുടെ പേരില്‍ സ്ഥാപനം നടത്തുന്നതായി അറിഞ്ഞു. വിവരം സിപിഎം ജില്ലാ നേതൃത്വത്തെ അറിയിച്ചെങ്കിലും സി.എന്‍.മോഹനന്, ഗോപി കോട്ടമുറിക്കല്‍, ദിനേശ് മണി എന്നിവര്‍ ചേര്‍ന്ന് പരാതി ഒതുക്കുകയായിരുന്നുവെന്നും വേണുഗോപാല്‍ ആരോപിച്ചു.