കത്തോലിക്ക സഭയുടെ ചരിത്രം ആരോഗ്യ മേഖലയുടേതും: മാർ തോമസ് തറയിൽ
Friday, January 24, 2025 2:37 AM IST
മാന്നാനം: ഇന്ത്യയിലെ ആരോഗ്യമേഖലയുടെ ചരിത്രത്തെയും രാജ്യത്തെ കത്തോലിക്ക സഭയുടെ ചരിത്രത്തെയും വേർതിരിച്ചു കാണാനാവില്ലെന്ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ.
കത്തോലിക്ക സഭയും ആരോഗ്യസംരക്ഷണവും രാഷ്ട്ര നിർമിതിയിൽ എന്ന വിഷയത്തിൽ മാന്നാനം കെഇ സ്കൂളിൽ നടക്കുന്ന ത്രിദിന അന്താരാഷ്ട്ര സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തിന്റെ ആരോഗ്യപരിപാലന രംഗത്ത് കത്തോലിക്ക സഭയുടെ സംഭാവനകൾ നിസ്തുലമാണ്.
സഭയുടെയും മിഷനറിമാരുടെയും സേവനങ്ങൾ വിസ്മരിക്കാനാവില്ല. 1905 ശ്രീമൂലം തിരുനാൾ രാമവർമ മഹാരാജാവ് കൊല്ലം ബിഷപ്പിനോട് ആവശ്യപ്പെട്ട് സിസ്റ്റേഴ്സിനെ സർക്കാർ ആശുപത്രിയിൽ നിയോഗിച്ച ചരിത്രസത്യം നമുക്കു മുമ്പിലുണ്ട്.
ജാതിമത ഭേദമെന്യേ എല്ലാ മനുഷ്യരുടെയും ഉന്നമനത്തിനും ആരോഗ്യ പുരോഗതിക്കും വേണ്ടിയാണ് കത്തോലിക്കാ സഭയുടെ ആരോഗ്യ പ്രസ്ഥാനങ്ങൾ ഇന്ത്യയിൽ ഉടനീളം പ്രവർത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
അസോസിയേഷൻ ഓഫ് കാത്തലിക് ഹിസ്റ്റോറിയൻസ് ഇൻ ഇന്ത്യ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ സോഷ്യൽ സയൻസ്, നിർമലഗിരി, സെന്റ് കുര്യാക്കോസ് ഏലിയാസ് ചാവറ ആർക്കൈവ് ആൻഡ് റിസർച്ച് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സെമിനാർ നടത്തുന്നത്.സിഎംഐ പ്രിയോർ ജനറൽ റവ.ഡോ. തോമസ് ചാത്തൻപറമ്പിൽ അധ്യക്ഷത വഹിച്ചു.
പ്രൊവിൻഷ്യൽ ഫാ. ആന്റണി ഇളംതോട്ടം സിഎംഐ, ദീപിക ചീഫ് എഡിറ്റർ റവ.ഡോ. ജോർജ് കുടിലിൽ, മാന്നാനം ആശ്രമം പ്രിയോർ റവ.ഡോ. കുര്യൻ ചാലങ്ങാടി കെഇ സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ. ജയിംസ് മുല്ലശേരി, എസിഎച്ച്ഐ സ്ഥാപക പ്രസിഡന്റ് റവ.ഡോ. പ്രഫ. കെ.എസ്. മാത്യു, ഐആർഐഎസ്എച്ച് ഡയറക്ടർ ഡോ. ജോയി വർക്കി, എസിഎച്ച്ഐ ജനറൽ സെക്രട്ടറി റവ.ഡോ. സണ്ണി മണിയാകുന്നേൽ ഒസിഡി എന്നിവർ പ്രസംഗിച്ചു.നാളെ സമാപിക്കുന്ന സെമിനാറിൽ 22 വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.