ഇനി സിപിഎമ്മിൽ തുടരില്ല: കല രാജു
Thursday, January 23, 2025 3:52 AM IST
കോലഞ്ചേരി: കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഎം കൗൺസിലർ കല രാജു കോടതി മുമ്പാകെ രഹസ്യമൊഴി നൽകി.
ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെ കൊച്ചിയിൽനിന്ന് ആംബുലൻസിൽ എത്തിയ അവർ കോലഞ്ചേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എൻ.എ. സിർഷയുടെ ചേംബറിലാണ് മൊഴി നൽകിയത്. 2.45ന് ആരംഭിച്ച മൊഴിയെടുപ്പ് രണ്ടു മണിക്കൂർ നീണ്ടു.
ആംബുലൻസിലെത്തിയ ഇവരെ വീൽ ചെയറിലാണ് ഒന്നാം നിലയിലെ മജിസ്ട്രേറ്റിന്റെ ചേംബറിൽ എത്തിച്ചത്.
കോടതിയിൽനിന്ന് പുറത്തിറങ്ങി മാധ്യമപ്രവർത്തകരോടു സംസാരിക്കവെ സിപിഎമ്മിനെതിരേ കല രാജു പൊട്ടിത്തെറിച്ചു.
56 വയസുള്ള വിധവയായ തനിക്ക് ക്രൂരമായ അനുഭവമാണ് സിപിഎം പ്രവർത്തകരിൽനിന്ന് ഉണ്ടായതെന്നും തന്നെ ഉത്തരവാദപ്പെട്ട പാർട്ടിപ്രവർത്തകർ കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നും അവർ പറഞ്ഞു.
25 വർഷത്തോളം ഈ പാർട്ടിയെ വിശ്വസിച്ചു പ്രവർത്തിച്ചു. ഇനി പാർട്ടിയെ വിശ്വാസത്തിലെടുക്കില്ല, പാർട്ടിയിൽ തുടരുകയുമില്ല. പോലീസിനു നൽകിയ പരാതിയിൽ ഉറച്ചുനിൽക്കുമെന്നും നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും അവർ വ്യക്തമാക്കി. മകനോടും മകളോടുമൊപ്പമാണ് കല രാജു എത്തിയത്.