ബ്രൂവറി വിവാദം: തീരുമാനത്തിൽനിന്ന് പിന്നോട്ടില്ലെന്നു മുഖ്യമന്ത്രി
Friday, January 24, 2025 2:36 AM IST
തിരുവനന്തപുരം: പാലക്കാട് ബ്രൂവറി ആരംഭിക്കാൻ അനുമതി നൽകിയ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
നിക്ഷേപകർ ഇതുപോലെ സംസ്ഥാനത്തിനു ഗുണപരമായ നിർദേശവുമായി വന്നാൽ ഇനിയും സർക്കാർ പ്രോത്സാഹിപ്പിക്കും. മദ്യനയത്തിൽ സുവ്യക്തമായി സർക്കാർ പ്രഖ്യാപിച്ച കാര്യങ്ങൾ തന്നെയാണ് നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നിയമസഭയിൽ നന്ദിപ്രമേയത്തിന്മേൽ നടന്ന ചർച്ചയ്ക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രി വിവാദ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.
കേരളത്തിൽ നിലവിൽ 10 ഡിസ്റ്റിലറിയും എട്ട് ബ്ലൻഡിംഗ് യൂണിറ്റും രണ്ട് ബ്രൂവറിയും പ്രവർത്തിക്കുന്നുണ്ട്. പത്ത് ഡിസ്റ്റിലറിയിൽ ഏഴും ആരംഭിച്ചത്കോണ്ഗ്രസ് ഭാഗമായ സർക്കാരുകൾ ഭരിക്കുന്പോഴാണ്.
ബ്രൂവറി രണ്ടും ആരംഭിച്ചത് കോണ്ഗ്രസ് കാലത്ത്. ടെണ്ടർ വിളിച്ചിട്ടായിരുന്നോ ഇതിലേതെങ്കിലും ആരംഭിച്ചത്. വ്യവസായ നിക്ഷേപങ്ങൾ ടെൻഡർ വിളിച്ചല്ല അനുവദിക്കാറുള്ളത്. ഈ വിഷയത്തിൽ മത്സരാധിഷ്ഠിതമായ കാര്യങ്ങളില്ല, അതിനാൽ തന്നെ ടെൻഡർ നടപടികൾ അപ്രസക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
600 കോടി നിക്ഷേപമാണ് പദ്ധതിയിലൂടെ ലഭ്യമാകുന്നത്. പൂർണതോതിൽ പ്രവർത്തിക്കുന്നതോടെ 650 പേർക്ക് നേരിട്ടും 2000 പേർക്ക് പരോക്ഷമായും തൊഴിൽ ഉറപ്പാക്കാനാവും. ഈസ് ഓഫ് ഡുയിംഗ് ബിസിനസ് സിംഗിൾ വിൻഡോ സിസ്റ്റം വഴിയാകും ഈ പദ്ധതിക്ക് അംഗീകാരം നൽകുക. ഈ ബോർഡിൽ പഞ്ചായത്തിന്റെ പ്രതിനിധിയും അംഗമാണ്.
മികച്ച പദ്ധതികൾ അംഗീകരിച്ചുകൊണ്ടുതന്നെ സർക്കാർ മുന്നോട്ടുപോകും. ഈസ് ഓഫ് ഡുയിംഗ് ബിസിനസിൽ കേരളം ഒന്നാമതായി നിൽക്കുന്നത് ഈ തുറന്ന നിലപാട് കൊണ്ടു തന്നെയാണ്. വ്യവസായ സ്ഥാപനങ്ങൾക്ക് ജലം നൽകുന്നത് മഹാപാപമല്ല, കുടിവെള്ളവും ജലസേചനവും ഉറപ്പാക്കി വ്യവസായത്തിനും വെള്ളം കൊടുക്കാം.
സീറോ ഡിസ്ചാർജ് യൂണിറ്റാണ് സ്ഥാപിക്കപ്പെടുന്നത്. മാലിന്യം ഒന്നും പുറത്തുതള്ളുന്നില്ല എന്ന് സർക്കാർ ഉറപ്പാക്കും. കന്പനിയുടെ ടെക്നോളജിക്ക് നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ, കേന്ദ്ര പരിസ്ഥിതിവന മന്ത്രാലയം എന്നിവയുടെ അനുമതി ലഭിച്ചിട്ടുണ്ട്. പ്ലാന്റ് സജ്ജമായാൽ പരിസ്ഥിതി അനുമതി വാങ്ങിയ ശേഷം മാത്രമേ പ്രവർത്തനം ആരംഭിക്കാൻ കഴിയൂ.
ദക്ഷിണേന്ത്യയിലെ ആദ്യത്തെ മൾട്ടി ഫീഡ് ഡിസ്റ്റിലറി പ്രോജക്ടാണ് പാലക്കാടിലേത്. വിവിധ കാർഷികോത്പന്നങ്ങൾ ഉപയോഗിച്ച് സ്പിരിറ്റ് നിർമിക്കുന്നതാണ് പദ്ധതി. ഉപയോഗ ശൂന്യമായ അരി, വെജിറ്റബിൾ വേസ്റ്റ്, മരച്ചീനി, ഗോതന്പ്, സ്വീറ്റ് പൊട്ടറ്റോ, ചോളം എന്നിവയാണ് അസംസ്കൃത വസ്തുക്കൾ. ഇത് കാർഷിക മേഖലയ്ക്ക് പുത്തനുണർവേകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.