ഉരുൾ ദുരന്തം: ദുരിതാശ്വാസ നിധിയിലേക്ക് 712.98 കോടി രൂപ ലഭിച്ചു
Friday, January 24, 2025 2:36 AM IST
തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ഉരു ൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ നിധിയിലേക്ക് 712.98 കോടി രൂപ ഇതുവരെ ലഭിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഉരുൾപൊട്ടലിനെ കേന്ദ്ര സർക്കാർ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചതിനാൽ കൂടുതൽ സഹായം പ്രതീക്ഷിക്കുന്നുണ്ട്.
നഷ്ടപരിഹാരമായി 2221 കോടി രൂപയാണു കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ ഇതുവരെ കേന്ദ്രം തുക അനുവദിച്ചിട്ടില്ല. സഹായം ലഭിക്കുമെന്നു തന്നെയാണു പ്രതീക്ഷ. മാനദണ്ഡങ്ങൾ ഇളവു ചെയ്തതിനാൽ എസ്ഡിആർഎഫിൽ നിന്ന് 120 കോടി വരെ ചെലവിടാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട്ടിൽ ടൗണ്‍ഷിപ്പിനായി ഭൂമി വിലയ്ക്കു വാങ്ങും. ഭാവിയിൽ ഒരു നിലകൂടി നിർമിക്കാനാവുന്ന രീതിയിലാണ് ഇവിടെ വീടുകൾ നിർമിക്കുന്നത്. സർക്കാർ നിർമിക്കുന്ന ടൗണ്‍ഷിപ്പിനു പുറത്തു താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് 15 ലക്ഷം രൂപ നൽകും. പുനരധിവാസം പൂർത്തിയാക്കും വരെ വീടുകളുടെ വാടക സർക്കാർ നൽകും.
പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിൽ തന്നെയാണു നടക്കുന്നത്. ടൗണ്‍ഷിപ്പിനായി ഭൂമിയേറ്റെടുക്കുന്ന കാര്യത്തിൽ 61 ദിവസം കൊണ്ട് മന്ത്രിസഭ തീരുമാനമെടുത്തു. എത്രയും വേഗം തന്നെ ഭൂമി ഏറ്റെടുത്തു കൈമാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള തർക്കങ്ങളുണ്ടെങ്കിൽ അതു പരിഹരിക്കും.
30 ലക്ഷം രൂപയെന്നതു പദ്ധതിയുടെ പ്രാഥമിക ഘട്ടത്തിൽ ഒറ്റ വീടിന്റെ നിർമാണത്തിനു കണക്കാക്കിയതാണ്. വീടുകൾ ഒരുമിച്ചു നിർമിക്കുന്പോൾ ചെലവു കുറയും. അങ്ങനെ വരുന്പോൾ ചെലവു 20 ലക്ഷത്തിലേക്ക് എത്തിക്കാനാകുമെന്നാണു പ്രതീക്ഷ.
അതേസമയം കൃഷിഭൂമി നഷ്ടപ്പെട്ടവർക്കു പകരം കൃഷിഭൂമി നൽകാനാവില്ല. വീടുകൾ നിർമിച്ചു നൽകേണ്ടവരുടെ കരട് പട്ടികയ്ക്ക് അംഗീകാരം നൽകിയിട്ടുണ്ട്. അന്തിമ പട്ടിക ഉടൻ തയാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.