550 രൂപയുടെ കിറ്റ് വെട്ടി 1,550 രൂപയുടെ കിറ്റ് വാങ്ങി: വി.ഡി. സതീശൻ
Friday, January 24, 2025 2:36 AM IST
തിരുവനന്തപുരം: 550 രൂപയ്ക്കു വാഗ്ദാനം ചെയ്ത പിപിഇ കിറ്റ് വിലക്കൂടുതലാണെന്നു ചൂണ്ടിക്കാട്ടി ഓർഡറിൽ വെട്ടിക്കുറവു വരുത്തി രണ്ടു മണിക്കൂർ തികയും മുന്പ് 1,550 രൂപയ്ക്ക് കിറ്റ് വാങ്ങാൻ മെഡിക്കൽ സർവീസ് കോർപറേഷൻ ഓർഡർ നൽകിയതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതു സംബന്ധിച്ച രേഖകളും സതീശൻ ഹാജരാക്കി.
കോവിഡ് കാലത്ത് 2020 മാർച്ച് 28നാണ് അനിത ടെക്സിക്കോട്ട് എന്ന കന്പനിയിൽ നിന്ന് 550 രൂപയ്ക്ക് 25,000 കിറ്റ് വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് ഇ മെയിൽ അയയ്ക്കുന്നത്. എന്നാൽ അന്നുതന്നെ ചർച്ചകളിൽ വില കുറയ്ക്കാൻ തയാറാകാത്തതിനാൽ വാങ്ങുന്ന കിറ്റുകളുടെ എണ്ണം പതിനായിരം ആയി കുറയ്ക്കുകയാണെന്നു ഫയലിൽ കുറിച്ചു. അന്നു രാത്രി 7.48ന് സാൻ ഫാർമ എന്ന കന്പനിയിൽ നിന്ന് 1550 രൂപയ്ക്ക് 25,000 കിറ്റ് വാങ്ങാൻ സമ്മതമാണെന്ന് അറിയിച്ച് അവർക്കു മെഡിക്കൽ സർവീസ് കോർപറേഷൻ മെയിൽ അയച്ചു.
550 രൂപയ്ക്കു കിറ്റ് വാഗ്ദാനം ചെയ്ത കന്പനിക്ക് 50 ശതമാനം തുക അഡ്വാൻസ് ആയി നൽകിയപ്പോൾ 1,550 രൂപയ്ക്കു കിറ്റ് വാഗ്ദാനം ചെയ്ത കന്പനിക്കു മുഴുവൻ തുകയും അഡ്വാൻസ് ചെയ്തുവെന്നും സതീശൻ ചൂണ്ടിക്കാട്ടി. ഇതിനു പിന്നിൽ അഴിമതി മാത്രമാണുള്ളതെന്നും സതീശൻ പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ ആരോപണം ആരോഗ്യമന്ത്രി വീണാ ജോർജ് നിഷേധിച്ചു. കോവിഡ് കാലത്ത് ആരോഗ്യപ്രവർത്തകരുടെയും സാധാരണക്കാരുടെയും ജീവൻ രക്ഷിക്കാൻ കിട്ടുന്ന സ്ഥലങ്ങളിൽ നിന്നെല്ലാം കിറ്റ് വാങ്ങുകയായിരുന്നു എന്നു മന്ത്രി പറഞ്ഞു. ഇവിടെ നദികളിൽ കൂടി മൃതശരീരങ്ങൾ ഒഴുകി നടന്നിട്ടില്ല.
വെന്റിലേറ്റർ കിട്ടാതെയോ ഓക്സിജൻ കിട്ടാതെയോ ആരും മരിച്ചിട്ടുമില്ല. എന്നാൽ ഒരേ ദിവസം കുറഞ്ഞ വിലയ്ക്കുള്ള വാഗ്ദാനം തള്ളി തൊട്ടുപിന്നാലെ മൂന്നിരട്ടി വിലയ്ക്കു കിറ്റ് വാങ്ങിയത് എന്തുകൊണ്ടെന്നു മന്ത്രി വിശദീകരിച്ചില്ല.
മെഡിക്കൽ കോർപറേഷന്റെ നടപടിക്കു പിന്നിൽ അഴിമതി മാത്രമാണുള്ളതെന്നും അക്കാര്യം തങ്ങൾ നോക്കിക്കൊള്ളാമെന്നും സതീശൻ മന്ത്രിക്കു മറുപടിയായി പറഞ്ഞു.