പണിമുടക്കിൽ പല സർക്കാർ ഓഫീസുകളുടെയും താളം തെറ്റി
Thursday, January 23, 2025 3:52 AM IST
തിരുവനന്തപുരം: ശമ്പള പരിഷ്കരണവും ഡിഎ കുടിശികയും ആവശ്യപ്പെട്ട് പ്രതിപക്ഷ സർവീസ് സംഘടനകളും സിപിഐയുടെ സർവീസ് സംഘടനയും നടത്തിയ സമരത്തിൽ സംസ്ഥാനത്തെ പല സർക്കാർ ഓഫീസുകളുടെയും പ്രവർത്തനം താളംതെറ്റി. സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകളിലെ ജീവനക്കാരുടെ ഹാജരിൽ വൻ കുറവുണ്ടായി.
കൊല്ലത്ത് റോഡിന്റെ വശത്ത് സമരക്കാർ കെട്ടിയ പന്തൽ പോലീസ് നീക്കം ചെയ്തത് ചെറിയ തോതിൽ സംഘർത്തിനിടയാക്കി. പകുതിയിലേറെ ജീവനക്കാർ സമരത്തിൽ പങ്കാളികളായെന്നാണ് സമരാനുകൂല സംഘടനാ ഭാരവാഹികളുടെ അവകാശവാദം.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും ജില്ലകളിൽ കളക്ടറേറ്റുകളുടെ മുന്നിലും സമരക്കാർ പ്രതിഷേധ പ്രകടനം നടത്തി. സമരത്തെ നേരിടാൻ സർക്കാർ ഡയസ്നോണ്‍ പ്രഖ്യാപിച്ചിരുന്നു. ജോലിക്ക് ഹാജരാകാത്തവരുടെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തിൽ കുറയ്ക്കാനും അനധികൃതമായിട്ടുള്ള അവധി ഡയസ്നോണിൽ ഉൾപ്പെടുത്താനുമാണ് സർക്കാർ നിർദേശം.
ജീവനക്കാരുടെ പണിമുടക്കിനെത്തുടർന്ന് തിരുവനന്തപുരം വട്ടിയൂർക്കാവ് സർക്കാർ എൽപി സ്കൂൾ പ്രവർത്തിച്ചില്ല. എല്ലാ ജീവനക്കാരും സമരത്തിലായതിനാൽ സ്കൂൾ പ്രവർത്തില്ലില്ലെന്ന് അധ്യാപകർ വാട്ട്സ് അപ് ഗ്രൂപ്പിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സന്ദേശം നല്‍കുകയായിരുന്നു. സ്കൂൾ പ്രവർത്തിപ്പിക്കാത്തതിനെ തുടർന്ന് സ്കൂളിന്റെ പ്രഥമാധ്യാപകനെ അന്വേഷണവിധേയമായി പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു.
സെക്രട്ടേറിയറ്റിൽ 2237 പേർ പണിമുടക്കിയതായാണ് സമരാനുകൂല സംഘടനകൾ അവകാശപ്പെടുന്നത്. പൊതുഭരണ വകുപ്പിൽ 1504 പേരും ധനകാര്യവകുപ്പിൽ 426 പേരും നിയമവകുപ്പിൽ 307 പേരും പണിമുടക്കിയെന്നും ആകെ ജീവനക്കാരിൽ 44 ശതമാനംപേരും പണിമുടക്കിൽ പങ്കാളികളായെന്നും സമരാനുകൂല സംഘടനകൾ പറഞ്ഞു.
കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള വിവിധ സർവീസ് സംഘടനകളും സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലുമാണ് സമരം നടത്തിയത്.