വീണ്ടും ജയചന്ദ്ര ഗീതികയുടെ സൗരഭ്യം!
Friday, January 24, 2025 2:37 AM IST
തൃശൂർ: ഒരിക്കൽകൂടി, അവസാനമായി ആ ഭാവഗായകന്റെ മധുരശബ്ദം സംഗീതാസ്വാദകരെ തേടിയെത്തി.
മലയാളികളുടെ ഹൃദയംകവർന്ന പ്രിയപ്പെട്ട ഗായകൻ പി. ജയചന്ദ്രൻ ഒടുവിൽ ആലപിച്ച യുഗ്മഗാനം പാതിരാനേരത്ത് പാലമരത്തിൽ പാതിവിരിഞ്ഞൊരു പൂവേ... എന്നു തുടങ്ങുന്ന ഗാനം പ്രകാശിതമായി. തൃശൂർ പ്രസ് ക്ലബ്ബിൽ സംഗീതസംവിധായകൻ ഔസേപ്പച്ചൻ, ജയരാജ് വാര്യർ, കെ. മധുസൂദനൻ എന്നിവർ ചേർന്നാണ് സിഡി പ്രകാശനം നിർവഹിച്ചത്.
നടൻ ജയരാജ് വാര്യരുടെ മകൾ ഇന്ദുലേഖ വാര്യരാണു ജയചന്ദ്രനൊപ്പം പാടിയിരിക്കുന്നത്. ഗാനരചന കെ. മധുസൂദനനും സംഗീതസംവിധാനം ഗായകൻകൂടിയായ കല്ലറ ഗോപനും നിർവഹിച്ചിരിക്കുന്നു.
കഴിഞ്ഞവർഷം നവംബറിൽ തൃശൂർ ഡിജി സ്റ്റുഡിയോയിലായിരുന്നു റിക്കാർഡിംഗ്. റിക്കാർഡിംഗിനുശേഷം പത്തുദിവസം കഴിഞ്ഞപ്പോഴാണ് ജയചന്ദ്രനെ വീണുപരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും പിന്നീട് മരിക്കുന്നതും.
അദ്ദേഹത്തിന്റെ വിയോഗത്തിനുശേഷം 13-ാം ദിവസമാണു ഗാനം പുറത്തിറങ്ങുന്നത്. പുതിയ ഗാനം സാഗരം ക്രിയേഷൻസ് യുട്യൂബ് ചാനലിൽ കേൾക്കാം.