സാമൂഹിക പഠനമുറിയില്‍ ചെറുകടിക്ക് ഫണ്ടില്ല
Friday, January 24, 2025 2:41 AM IST
സീമ മോഹന്‍ലാല്‍
കൊച്ചി: പട്ടികവര്‍ഗക്കാരായ വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി ആദിവാസി ഉന്നതികളില്‍ ആരംഭിച്ച സാമൂഹിക പഠനമുറിയില്‍ വിദ്യാര്‍ഥികളുടെ ലഘുഭക്ഷണത്തിന് ഫണ്ടില്ല.
ഒരു വിദ്യാര്‍ഥിക്ക് വൈകുന്നേരങ്ങളില്‍ ചായയ്ക്കും ചെറുകടിക്കുമായി 20 രൂപ എന്ന നിരക്കിലാണ് ഫണ്ട് നല്‍കുന്നത്. എന്നാല്‍ പല ജില്ലകളിലും നാലുമാസത്തിലേറെയായി ഈ ഫണ്ട് ലഭിക്കുന്നില്ല.
അധ്യാപകര്‍ സ്വന്തം കൈയില്‍ നിന്നാണ് ഇപ്പോൾ തുക കണ്ടെത്തുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ മുഴുവന്‍ സമയവും മറ്റു ദിവസങ്ങളില്‍ വൈകുന്നേരം മൂന്നു മണിക്കൂറുമാണ് പഠനം.
ഉന്നതികളിലെ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ വിവിധ ജില്ലകളിലായി 364 സാമൂഹിക പഠനമുറികളാണ് ഉള്ളത്. 2018 ലാണ് പദ്ധതി ആരംഭിച്ചത്. ഒന്നാം ക്ലാസ് മുതലുള്ള കുട്ടികള്‍ക്ക് ഇവിടെ ഒരുമിച്ചിരുന്നു പഠിക്കാം.
ഗൃഹപാഠങ്ങള്‍ ചെയ്യാനും പാഠഭാഗങ്ങളെക്കുറിച്ചുള്ള സംശയ നിവാരണം വരുത്താനും ഈ വിഭാഗത്തിലെതന്നെ അഭ്യസ്തവിദ്യരായ യുവതീയുവാക്കളാണ് ഫെസിലിറ്റേറ്റര്മാരായിട്ടുള്ളത്.
ഫെസിലിറ്റേറ്റര്‍മാര്‍ക്ക് പ്രതിമാസം 15,000 രൂപയാണ് ഓണറേറിയമായി നല്‍കുന്നത്. ഇവരില്‍ പലര്‍ക്കും മൂന്നു മാസമായി ഓണറേറിയം ലഭിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സാമൂഹിക പഠനമുറികളുള്ളത് വയനാട് ജില്ലയിലാണ്. കുറവ് കോട്ടയം ജില്ലയിലും.