സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
Thursday, January 23, 2025 3:00 AM IST
തിരുവനന്തപുരം: 2023 ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അമൃത ടിവിയില്‍ സംപ്രേഷണം ചെയ്ത ‘ആണ്‍പിറന്നോള്‍’ ആണ് മികച്ച ടെലി സീരിയല്‍.
‘സു.സു.സുരഭിയും സുഹാസിനി’യുമാണ് മികച്ച രണ്ടാമത്തെ ടെലി സീരിയല്‍. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
കേരള വിഷനില്‍ സംപ്രേഷണം ചെയ്ത ‘കണ്മഷി’യാണ് 20 മിനിറ്റില്‍ താഴെയുള്ള മികച്ച ടെലിഫിലിം. ഷാനൂബ് കരുവത്ത് നിര്‍മാണവും തിരക്കഥയും നിര്‍വഹിച്ച് മറിയം ഷാനൂബ് സംവിധാനം ചെയ്ത ‘ലില്ലി’ 20 മിനിറ്റില്‍ കൂടിയ മികച്ച ടെലിഫിലിമായി.
ടെലി സീരിയല്‍/ ടെലിഫിലിം വിഭാഗത്തിലെ മികച്ച സംവിധായകനും നടനുമായി അനൂപ് കൃഷ്ണനെ തെരഞ്ഞെടുത്തു. ‘അമ്മേ ഭഗവതി’യിലെ അഭിനയത്തിന് സീനു രാഘവേന്ദ്ര മികച്ച രണ്ടാമത്തെ നടനായി. ടെലിഫിലിം വിഭാഗത്തില്‍ ‘ആണ്പിറന്നോളി’ലെ അഭിനയത്തിന് റിയ കുര്യാക്കോസും ‘ലില്ലി’യിലെ അഭിനയത്തിന് മറിയം ഷാനൂബും മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിട്ടു. ‘സു.സു.സുരഭിയിലെയും സുഹാസിനി’യിലെയും അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള അവാര്‍ഡ് അനുക്കുട്ടിക്ക് ലഭിച്ചു.
ശാലോം ടിവി അവതരിപ്പിച്ച ‘മധുരം’ എന്ന ടെലിഫിലിമിലെ അഭിനയത്തിന് ആദിത് ദേവ് മികച്ച ബാലതാരമായി.