എസ്കോര്‍ട്ട് വിസിറ്റ് അനുവദിക്കാത്തത് വിവേചനമായി കാണാനാവില്ല: കോടതി
Friday, January 24, 2025 2:37 AM IST
കൊച്ചി: തടവുകാര്‍ക്ക് അടുത്ത ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ സംസ്ഥാനത്തിനു പുറത്തേക്ക് എസ്കോര്‍ട്ട് വിസിറ്റ് അനുവദിക്കാത്തതു വിവേചനമായി കാണാനാവില്ലെന്ന് ഹൈക്കോടതി.
അടുത്ത ബന്ധുക്കള്‍ മരണപ്പെട്ടാല്‍ മാത്രമേ സംസ്ഥാനത്തിനു പുറത്തേക്ക് എസ്കോര്‍ട്ട് വിസിറ്റ് അനുവദിക്കൂ എന്ന നിയമം വിവേചനമാണെന്നാരോപിച്ച് വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ തടവില്‍ കഴിയുന്ന കര്‍ണാടക സ്വദേശി ബി.ജി. കൃഷ്ണമൂര്‍ത്തി നല്കിയ ഹര്‍ജി കോടതി തള്ളി.
പരോള്‍ ലഭിക്കാന്‍ അര്‍ഹതയില്ലാത്ത തടവുകാര്‍ക്ക് പോലീസ് അകമ്പടിയോടെ അടുത്ത ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ നിലവില്‍ അനുമതിയുണ്ട്. 24 മണിക്കൂര്‍ സമയമാണ് എസ്കോര്‍ട്ട് വിസിറ്റിനായി അനുവദിക്കുന്നത്. യുഎപിഎ കേസില്‍ 2021 നവംബറില്‍ അറസ്റ്റിലായി വിചാരണ തടവുകാരനായാണു ഹര്ജിക്കാരന് ജയിലില്‍ കഴിയുന്നത്.
കര്‍ണാടക ചിക്കമംഗളൂരുവിലുള്ള അമ്മയെ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹര്ജിക്കാരന് നല്കിയ എസ്കോര്‍ട്ട് വിസിറ്റ് അപേക്ഷ നിഷേധിച്ചതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
എസ്കോര്‍ട്ട് വിസിറ്റ് അനുവദിക്കാവുന്ന സാഹചര്യങ്ങള്‍ സംബന്ധിച്ച് നിയമമുണ്ടാക്കാന്‍ സര്‍ക്കാരിനു ജയില്‍ ആക്ട് അനുവാദം നല്‍കുന്നതായി കോടതി ചൂണ്ടിക്കാട്ടി.