കെപിസിസി പ്രസിഡന്റ് മാറ്റം ചർച്ചയാകുന്നു
Friday, January 24, 2025 2:36 AM IST
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ. സുധാകരന് മാറ്റമുണ്ടാകുമോ എന്ന വിഷയം കോണ്ഗ്രസ് രാഷ്ട്രീയത്തിൽ സജീവ ചർച്ചാ വിഷയമാകുന്നു.
ഇക്കാര്യത്തിൽ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ ഒറ്റയ്ക്ക് കണ്ട് അഭിപ്രായം തേടുന്നുണ്ട്. എന്തായാലും യുഡിഎഫിന്റെ മലയോര സമരപ്രചാരണ ജാഥ ഫെബ്രുവരി അഞ്ചിനു സമാപിച്ച ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക.
എന്നാൽ, കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് കെ. സുധാകരൻ തുടരുമെന്ന അഭിപ്രായവും ഒരു വിഭാഗം നേതാക്കൾ പറയുന്നുണ്ട്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഒട്ടേറെ പേരുകളും സജീവമായുണ്ട്. ക്രിസ്ത്യൻ വിഭാഗത്തിൽനിന്നുള്ള കെപിസിസി അധ്യക്ഷൻ വേണമെന്ന അഭിപ്രായത്തിനാണു മുൻതൂക്കം. എന്നാൽ, കെ. സുധാകരൻ ഒഴിയുന്പോൾ പകരം ഈഴവ വിഭാഗത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന നിർദേശവും ഒരു വിഭാഗം മുന്നോട്ടു വയ്ക്കുന്നു.
മിഷൻ 63 പോലുള്ള ഏകപക്ഷീയ തീരുമാനങ്ങൾ കൈക്കൊള്ളുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മാറ്റവും കെപിസിസി പ്രസിഡന്റിന് ഒപ്പം വേണമെന്ന് ചില മുതിർന്ന നേതാക്കൾ ദീപാദാസ് മുൻഷിയുമായുള്ള കൂടിക്കാഴ്ചയിൽ അഭിപ്രായപ്പെട്ടതായും സൂചനയുണ്ട്.
എന്നാൽ, 63 മണ്ഡലങ്ങളിൽ കോണ്ഗ്രസ് സ്ഥാനാർഥികളെ വിജയിപ്പിക്കാനുള്ള ദൗത്യം വേണമെന്ന വി.ഡി. സതീശന്റെ നിർദേശത്തിന് കോണ്ഗ്രസ് ഹൈക്കമാൻഡിന്റെ തത്വത്തിലുള്ള അനുമതി ലഭിച്ചതായ വിവരങ്ങളും ഒരു വിഭാഗം പങ്കുവയ്ക്കുന്നു.
മലയോരജാഥയ്ക്കു പിന്നാലെ 10 ഡിസിസി പ്രസിഡന്റുമാരുടെ മാറ്റം ഏതാണ്ട് ഉറപ്പാണെന്ന സൂചനകളുമുണ്ട്.