ബ്രൂവറി: അനാവശ്യ എതിർപ്പു വേണ്ടെന്നു സിപിഐ
Friday, January 24, 2025 2:41 AM IST
തിരുവനന്തപുരം: പാലക്കാട്ടെ കഞ്ചിക്കോട് ബ്രൂവറി അനുവദിച്ചതിൽ അനാവശ്യ എതിർപ്പുവേണ്ടെന്നു സിപിഐ. ബ്രൂവറിയിൽ സർക്കാരിനൊപ്പം നിൽക്കാനാണു പാർട്ടി നേതൃത്വത്തിൽ ധാരണ. മറ്റു വിഷയങ്ങൾ തിങ്കളാഴ്ച ചേരുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ചർച്ച ചെയ്യും.
വിഷയം പ്രതിപക്ഷം വിവാദമാക്കിയ സാഹചര്യത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആശയവിനിമയം നടത്തിയിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത നൽകാനായാണു എം.വി.ഗോവിന്ദന്റെ കൂടി നിർദേശ പ്രകാരം കഴിഞ്ഞ ദിവസം മന്ത്രി എം.ബി. രാജേഷ് ബിനോയ് വിശ്വത്തെ കണ്ടത്.
ബ്രൂവറി അനുവദിച്ച സർക്കാർ തീരുമാനത്തിൽ പാലക്കാട്ടെ സിപിഐ ജില്ലാ നേതൃത്വത്തിന് അമർഷമുണ്ട്. ഒരു ചർച്ചയും നടത്താതെയുള്ള സിപിഎം തീരുമാനത്തിനു പിന്തുണ നൽകേണ്ടതില്ലെന്ന നിലപാടിലാണു ജില്ലയിലെ സിപിഐ. എന്നാൽ വിഷയത്തിൽ എടുത്തുചാടി ഒരു പ്രതികരണവും നടത്തരുതെന്നു ബിനോയ് വിശ്വം പാർട്ടി ജില്ലാ നേതൃത്വത്തിനു നിർദേശം നൽകിയിട്ടുണ്ട്. കുടിവെള്ളം മുടക്കിയിട്ടു ഒരു വികസനവും വരേണ്ടതില്ലെന്ന നിലപാടാണു സിപിഐയ്ക്കുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വികസന കാര്യങ്ങളിൽ അനാവശ്യ എതിർപ്പു വേണ്ടെന്ന പക്ഷക്കാരനാണ് ബിനോയ് വിശ്വം. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പും വരുന്ന സാഹചര്യത്തിൽ ഭിന്നതയുണ്ടാകാൻ പാടില്ലെന്നു കഴിഞ്ഞ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവിൽ ബിനോയ് പറഞ്ഞിരുന്നു. സിപിഎം നേതൃത്വവുമായി കാര്യങ്ങൾ ചർച്ച ചെയ്തു മുന്നോട്ടു പോകുകയെന്നുള്ള സമീപനമാണു അദ്ദേഹം സംസ്ഥാന സെക്രട്ടറിയായതിനു ശേഷം സ്വീകരിച്ചിട്ടുള്ളത്.