പരീക്ഷാ നടത്തിപ്പിന് സ്കൂളുകളുടെ അക്കൗണ്ടിലെ തുക ഉപയോഗിക്കാൻ ഉത്തരവ്
Thursday, January 23, 2025 3:52 AM IST
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരീക്ഷാ നടത്തിപ്പിനായുള്ള അക്കൗണ്ടിൽ പണമില്ലാതെ വന്നതോടെ ഹയർ സെക്കൻഡറി പരീക്ഷാ നടത്തിപ്പിനായി കുട്ടികളിൽ നിന്ന് വിവിധ ആവശ്യങ്ങൾക്ക് ഫീസായി വാങ്ങി പിഡി അക്കൗണ്ടിൽ നിക്ഷേപിച്ച തുക ഉപയോഗിക്കാൻ ഉത്തരവ്.
പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. മാർച്ച് മൂന്നിന് രണ്ടാം വർഷ സെക്കന്‍ഡറി പരീക്ഷകൾ ആരംഭിക്കും. ഇതോടൊപ്പം ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകളും നടത്താനാണ് തീരുമാനം.
ഒന്നാം വർഷ ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് ആറിനും തുടങ്ങും. പരീക്ഷകൾ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അക്കൗണ്ടില്‍ പണമില്ലാതെ വന്നതോടെ പരീക്ഷാ നടത്തിപ്പ് പ്രതിസന്ധിയിലാകുമെന്ന സ്ഥിതിയായി. ഇതോടെയാണ് സ്കൂളുകളോട് പിഡി അക്കൗണ്ടിൽ നിന്ന് തുക കണ്ടെത്താനുള്ള നിര്‍ദേശം നല്‍കിയത്.