വനനിയമഭേദഗതി: നിയമസഭയിൽ സ്പീക്കർ-കുഴൽനാടൻ പോര്
Friday, January 24, 2025 2:36 AM IST
തിരുവനന്തപുരം: വിവാദങ്ങളെ തുടന്ന് സർക്കാരിനു പിൻവലിക്കേണ്ടി വന്ന വനനിയമ ഭേദഗതിയെ കുറിച്ച് നിയമസഭയിൽ പരാമർശം നടത്തിയ ഡോ.മാത്യു കുഴൽനാടനെതിരേ സ്പീക്കറുടെ രോഷപ്രകടനം.
വന്യജീവി ആക്രമണം സംബന്ധിച്ചുള്ള അടിയന്തര പ്രമേയനോട്ടീസ് പരിഗണിക്കണമെന്നാവശ്യപ്പെട്ട് പ്രസംഗിച്ചപ്പോഴാണ് നിയമഭേദഗതിയെക്കുറിച്ച് കുഴൽനാടൻ പരാമർശിച്ചത്. മലയോര മേഖലയെ പ്രതിനിധീകരിക്കുന്ന റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ള മന്ത്രിമാരുടെ കൈയിൽ വന്നതല്ലേയെന്നു മാത്യു ചോദിച്ചു.
തുടർച്ചയായി വനനിയമഭേദഗതിയെക്കുറിച്ച് പരാമർശം വന്നതോടെയാണ് സ്പീക്കർ എ.എൻ ഷംസീർ കുപിതനായത്. യുഡിഎഫ് സർക്കാർ അധികാരത്തിലിരുന്നാൽ ഇങ്ങനെയൊരു ഭേദഗതി ബിൽ ഈ സംസ്ഥാനത്ത് പ്രസിദ്ധീകരിക്കുമായിരുന്നോയെന്ന് മാത്യു ചോദിച്ചപ്പോഴാണ് സ്പീക്കറുടെ ഇടപെട്ടത്.
നിങ്ങളെന്താണ് അവതരിപ്പിക്കുന്നതെന്ന് ചോദിച്ച സ്പീക്കർ, വന നിയമ ഭേദഗതിയൊക്കെ പിൻവലിച്ചെന്നും അതിവിടെ പറയേണ്ട കാര്യമെന്താണെന്നും ചോദിച്ചു. താനൊന്ന് പറഞ്ഞോട്ടെയെന്ന് മാത്യു ചൂണ്ടിക്കാട്ടിയെങ്കിലും സ്പീക്കർ വഴങ്ങിയില്ല. വന നിയമ ഭേദഗതി ഇല്ലാത്തതല്ലേയെന്നും സ്പീക്കർ ചോദിച്ചു. ഈ ചോദ്യത്തിന് ഇത് വൈകാരികമായ പ്രശ്നമെന്നായിരുന്നു മാത്യുവിന്റെ മറുപടി.
ഇതോടെ നിങ്ങളുടെ എല്ലാ പ്രകടനവും അവതരിപ്പിക്കേണ്ട വേദിയല്ലിതെന്നായി സ്പീക്കർ. ഭരണപ്രതിപക്ഷ അംഗങ്ങൾ ബഹളംവച്ചെങ്കിലും മാത്യു കുഴൽനാടൻ പ്രസംഗം പൂർത്തിയാക്കി.