വീട്ടമ്മയുടെ കൊലപാതകം: പ്രതി പിടിയിൽ
Friday, January 24, 2025 2:37 AM IST
കോട്ടയം: കഴക്കൂട്ടം കഠിനംകുളത്ത് യുവതിയായ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി കോട്ടയം ചിങ്ങവനം കുറിച്ചിയില്‍നിന്നു പിടിയിലായി.
കൊല്ലം ദളവാപുരം സ്വദേശിയായ ജോണ്സണ് ഔസേപ്പിനെയാണ് കുറിച്ചിയില്‍നിന്നു ചിങ്ങവനം പോലീസ് പിടികൂടിയത്. പ്രദേശത്തെ ഒരു വീട്ടില്‍ ഹോം നഴ്സായി ഇയാള്‍ ജോലി ചെയ്തുവരികയായിരുന്നു.
പോലീസ് പിടിക്കുമെന്ന് ഉറപ്പായപ്പോള്‍ വിഷം കഴിച്ചശേഷം ഇവിടെനിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണു പിടിയിലായത്. തുടര്‍ന്ന് ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊല്ലപ്പെട്ട ആതിരയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്താണ് പ്രതിയായ ജോണ്സണ് ഔസേപ്പ്. കൊല്ലം സ്വദേശിയായ ഇയാള്‍ ഭാര്യയുടെ നാടായ എറണാകുളത്തെ ചെല്ലാനത്താണു താമസം. അഞ്ചു വര്‍ഷം മുന്‍പ് ഈ ബന്ധം വേര്‍പെടുത്തിയിരുന്നു. ഏഴു മാസം മുന്‍പ് ജോണ്‍സനെ കുറിച്ച് ആതിര പറഞ്ഞിരുന്നതായി ഭര്‍ത്താവ് രാജേഷ് പോലീസിനോടു പറഞ്ഞു.
കഴിഞ്ഞദിവസം രാവിലെയാണ് കായംകുളം സ്വദേശിയായ ആതിരയെ ഭര്‍തൃവീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ 5.30ന് രാജേഷ് അമ്പലത്തില്‍ പൂജയ്ക്കുപോയപ്പോഴായിരുന്നു സംഭവം.