എഴുന്നള്ളത്തിന് പാലിക്കേണ്ട അകലം തീരുമാനിക്കേണ്ടത് ജില്ലാ മോണിട്ടറിംഗ് കമ്മിറ്റിയെന്ന് സര്‍ക്കാര്‍
Friday, January 24, 2025 2:37 AM IST
കൊച്ചി: എഴുന്നള്ളത്തിന് ആനകള്‍ തമ്മിലും ആനകളും പൊതുജനങ്ങളും തമ്മിലും പാലിക്കേണ്ട അകലം സംബന്ധിച്ച് കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാ മോണിട്ടറിംഗ് കമ്മിറ്റിയാണു തീരുമാനിക്കേണ്ടതെന്നു സര്‍ക്കാര്‍ ഹൈക്കോടതിയിൽ അറിയിച്ചു.
ആനകള്‍ തമ്മില്‍ മതിയായ അകലം വേണമെന്ന 2012ലെ നാട്ടാന പരിപാലന ചട്ടത്തിലെ വ്യവസ്ഥയില്‍ വ്യക്തത വരുത്തണമെന്ന ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് വനം അഡീ. ചീഫ് സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നത്.
ആനകള്‍ തമ്മില്‍ പാലിക്കേണ്ട അകലം സംബന്ധിച്ച് ബന്ധപ്പെട്ട കക്ഷികളുമായി ചര്‍ച്ച നടത്തിയെങ്കിലും നിശ്ചിത അകലം പാലിക്കണമെന്നു നിര്‍ദേശിക്കാനാകില്ലെന്ന അഭിപ്രായമാണുണ്ടായത്.
ആനകളെ എഴുന്നള്ളിക്കുന്ന ഓരോ മേഖലയുടെയും പ്രത്യേകതയടക്കം കണക്കിലെടുത്ത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും ഇതിനായി ജില്ലാതല മോണിട്ടറിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തണമെന്നുമുള്ള നിര്‍ദേശമാണുണ്ടായത്.
വിദഗ്ധരെയും ദുരന്ത നിവാരണ അഥോറിറ്റിയെയും ബന്ധപ്പെട്ട് അകലത്തിന്റെ കാര്യത്തില്‍ ഈ കമ്മിറ്റി തീരുമാനമെടുക്കണമെന്നാണു നിര്‍ദേശിച്ചിരിക്കുന്നത്.