പരീക്ഷാ ഹാളുകളില്‍ ഫോണ്‍ പ്രവേശിപ്പിക്കരുത്; ഇന്‍വിജിലേറ്റര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം
Friday, January 24, 2025 2:41 AM IST
കോഴിക്കോട്: പൊതുപരീക്ഷാ ഹാളുകളില്‍ ഇന്‍വിജിലേറ്റര്‍മാര്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ്. ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണെങ്കിലും സൈലന്റ് മോഡിലാണെങ്കിലും ഹാളില്‍ പ്രവേശിപ്പിക്കരുതെന്നാണു പുതിയ ഉത്തരവ്.
2024 മാര്‍ച്ചിലെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഒന്ന്, രണ്ട് വര്‍ഷ പൊതുപരീക്ഷയില്‍ ഇന്സ്പെക്ഷന് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫോണ്‍ വിലക്ക്.
പരിശോധനയില്‍ കണ്ടെത്തിയ ക്രമക്കേടുകളുടെ അടിസ്ഥാനത്തില്‍ പൊതു പരീക്ഷാ നടത്തിപ്പ് സുഗമമാക്കാന്‍ ഇന്‍വിജിലേറ്റര്‍മാര്‍ക്കും ഫോണ്‍ വിലക്ക് ബാധകമാക്കണമെന്നാണ് ഇന്സ്പെക്ഷന് സ്ക്വാഡ് ശിപാര്‍ശ ചെയ്തത്.
ഫോണ്‍ സ്വിച്ച്ഡ് ഓഫ്, സൈലന്റ് മോഡിലാണെങ്കിലും ഹാളില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കരുതെന്നു പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിച്ച് വിദ്യാഭ്യാസ വകുപ്പ് ഈ വിഷയത്തില്‍ പൊതു ഉത്തരവ് ഇറക്കുകയായിരുന്നു.
വിദ്യാര്‍ഥികള്‍ സ്കൂളിലും അധ്യാപകര്‍ ക്ലാസ് മുറികളിലും ഫോണ്‍ കൊണ്ടുവരുന്നതു വിലക്കി നേരത്തേതന്നെ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. അധ്യാപകര്‍ക്ക് സ്റ്റാഫ് റൂമില്വച്ചുമാത്രമാണ് ഫോണ്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളത്.