സഭകള്‍ തമ്മിലുള്ള ഐക്യം മാനവിക സാഹോദര്യത്തിന്റെ അടയാളം: തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത
Thursday, January 23, 2025 3:00 AM IST
കോട്ടയം: ക്രൈസ്തവ സഭകള്‍ തമ്മിലുള്ള ഐക്യം വളര്‍ത്തുകയും ധാരണകള്‍ രൂപീകരിക്കുകയും ചെയ്യുകയെന്നത് ലോകശാന്തിയുടെയും മാനവിക സാഹോദര്യത്തിന്റെയും അടയാളമാണെന്ന് നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ് പ്രസിഡന്റ് തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത.
നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റിന്റെയും സെന്റ് തോമസ് പള്ളിയുടെയും റൂബി ജൂബിലിയോടനുബന്ധിച്ച് വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയില്‍ നടത്തിയ ഏകദിന ദൈവശാസ്ത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
‘പൊതുവിശ്വാസത്തിന്റെ പ്രഘോഷണം; സഭൈക്യത്തിന്റെയും പ്രേഷിതപ്രവര്‍ത്തനത്തിന്റെയും സാധ്യതകളും വെല്ലുവിളികളും’ എന്നതായിരുന്നു സെമിനാറിന്റെ മുഖ്യപ്രമേയം. നിലയ്ക്കല്‍ ട്രസ്റ്റ് വൈസ് പ്രസിഡന്റ് ബിഷപ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് മുഖ്യപ്രഭാഷണം നടത്തി.
മാര്‍ത്തോമ്മാ ശ്ലീഹായുടെ പൈതൃകം പിന്തുടരുന്ന ആറു വ്യത്യസ്ത സഭാ കൂട്ടായ്മകളില്‍നിന്നായി ദൈവശാസ്ത്രജ്ഞരും ദൈവശാസ്ത്ര വിദ്യാര്‍ഥികളും അടങ്ങുന്ന 450 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. സഖറിയാസ് മാര്‍ അപ്രേം, ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന് എന്നിവര്‍ പ്രസംഗിച്ചു.
വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയുടെ റെക്ടര്‍ റവ. ഡോ. സ്കറിയ കന്യാകോണില്‍, മാര്‍ത്തോമ്മ തിയോളജിക്കല്‍ സെമിനാരി പ്രിന്‍സിപ്പല്‍ റവ. ഡോ. വി.എസ്. വര്‍ഗീസ്, യാക്കോബായ സുറിയാനി സഭ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി തോമസ് മാര്‍ തീമോത്തിയോസ്, ജനറല്‍ കണ്‍വീനര്‍ ഫാ. ജോര്‍ജ് തേക്കടയില്‍, അഡ്മിനിസ്ട്രേറ്റര്‍ ഫാ. ഷൈജു മാത്യു ഒഐസി, സുരേഷ് കോശി, ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ഡോ. പോളി മണിയാട്ട്, ബ്രദര്‍ ജാക്സണ് മാടശേരി എന്നിവര്‍ പ്രസംഗിച്ചു.
സമാപന സമ്മേളനത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ സന്ദേശം നല്കി. ആധുനികകാലത്തിലെ സഭയുടെ ഊന്നലുകള്‍, ആരാധനക്രമത്തിനപ്പുറം മാറുന്ന ലോകത്തിലെ വെല്ലുവിളികള്‍ നേരിടാന്‍ അജപാലകരെ പര്യാപ്തമാക്കുന്നതാകണമെന്ന് കാതോലിക്കാ ബാവ അഭിപ്രായപ്പെട്ടു.