രഹസ്യാന്വേഷണത്തിന് വനംവകുപ്പില്‍ ഇന്റലിജന്റ്സ് സ്ലീപ്പര്‍ സെല്‍
Friday, January 24, 2025 2:36 AM IST
ബിനു ജോര്‍ജ്
കോഴിക്കോട്: വനം-വന്യജീവി മേഖലയിലെ കുറ്റകൃത്യങ്ങള്‍ തടയാനായി വനംവകുപ്പില്‍ ഇന്റലിജൻസ് സ്ലീപ്പര്‍ സെല്‍ രൂപവത്കരിക്കുന്നു. രഹസ്യാന്വേഷണവും വിവരശേഖരണവും നടത്തുന്ന പോലീസ് സേനയിലെ സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ചി (എസ്എസ്ബി) നു സമാനമായാണു വനംവകുപ്പിലെ ഇന്റലിൻസ് സ്ലീപ്പര്‍ സെല്‍.
രഹസ്യസ്വഭാവം സൂക്ഷിക്കുന്നതിനുവേണ്ടി, സ്ലീപ്പര്‍ സെല്ലിലെ ജീവനക്കാര്‍ ശേഖരിക്കുന്ന രഹസ്യ വിവരങ്ങള്‍ ഫോറസ്റ്റ് ഇന്റലിജൻസ് സെല്ലിലേക്കു മാത്രമാണു റിപ്പോര്‍ട്ട് ചെയ്യേണ്ടത്.
ഇന്റലിജൻസ് സെല്‍ മേധാവിയുമായല്ലാതെ മറ്റൊരു മേലുദ്യോഗസ്ഥനുമായും രഹസ്യവിവരങ്ങള്‍ പങ്കുവയ്ക്കാന്‍ പാടില്ല. ഫോറസ്റ്റ് ഇന്റലിജൻസ് സെല്ലിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനായി ഓരോ വനം സര്‍ക്കിളിലും ഇന്റലിജൻസ് സ്ലീപ്പര്‍ സെല്‍ രൂപവത്കരിക്കണമെന്ന വിജിലന്‍സ് ആന്‍ഡ് ഫോറസ്റ്റ് ഇന്റലിജൻസ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ കത്ത് പരിഗണിച്ചാണു നടപടി. സതേണ്‍, ഹൈറേഞ്ച്, സെന്‍ട്രല്‍, ഈസ്റ്റേണ്‍, നോര്‍ത്തേണ്‍ എന്നീ വനം സര്ക്കിളുകളിലാണു സ്ലീപ്പര്‍ സെല്ലുകള്‍ രൂപവത്കരിക്കുക.
ഓരോ സര്‍ക്കിള്‍തല ഫോറസ്റ്റ് ഇന്റലിജൻസ് സ്ലീപ്പര്‍ സെല്ലിലും അഞ്ചു വീതം ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെയാണു രഹസ്യ വിവരശേഖരണത്തിനായി നിയോഗിക്കുക. പ്രത്യേക നിയമനമോ പ്രചാരണമോ നടത്താതെ നിലവിലുള്ള ജീവനക്കാരെ അതേ ഓഫീസുകളില്‍ത്തന്നെ നിലനിർത്തിയാണു രഹസ്യ വിവരശേഖരണം നടത്തുക.
രഹസ്യവിവരങ്ങളുടെ കൃത്യതയും വിശ്വാസ്യതയും അടിസ്ഥാനമാക്കി സ്ലീപ്പര്‍ സെല്ലിലെ ജീവനക്കാരുടെ പ്രകടനം വിലയിരുത്തും. മോശം പ്രകടനം കാഴ്ചവയ്ക്കുന്നവരെ ഒഴിവാക്കും.
മികച്ച ജീവനക്കാര്‍ക്കു പരമാവധി അഞ്ചുവര്‍ഷം വരെ സ്ലീപ്പര്‍ സെല്ലില്‍ തുടരാന്‍ അവസരം നല്‍കും. രഹസ്യ വിവരശേഖരണത്തിലെ കഴിവും അഭിരുചിയും താത്പര്യവും കണക്കിലെടുത്ത് സ്ലീപ്പര്‍ സെല്ലിലേക്കു ജീവനക്കാരെ നിയമിക്കാനാണു തീരുമാനം.