പത്തനംതിട്ട പീഡനക്കേസിൽ 56 പേരെ അറസ്റ്റ് ചെയ്തു : മുഖ്യമന്ത്രി
Friday, January 24, 2025 2:36 AM IST
തിരുവനന്തപുരം : പത്തനംതിട്ട പീഡനക്കേസിൽ 56 പേരെ അറസ്റ്റു ചെയ്തെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആകെ 59 പ്രതികളിൽ ഏഴു പേർ പ്രായപൂർത്തിയാകാത്തവരാണ്.
അറസ്റ്റ് ചെയ്യാനുള്ളവരിൽ രണ്ടു പ്രതികൾ വിദേശത്തും ഒരാൾ ഒളിവിലുമാണ്. പത്തനംതിട്ടയിൽ 30 കേസുകളും തിരുവനന്തപുരം റൂറൽ ജില്ലയിൽ ഒരു കേസുമാണ് അന്വേഷണത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ കൊടി സുനിക്ക് ഒരു മാസത്തെ പരോൾ അനുവദിച്ചതു മാതാവിന്റെ അപേക്ഷ പരിഗണിച്ചുകൊണ്ടും അന്തേവാസിയുടെ ജയിലിനുള്ളിലെ പെരുമാറ്റം, സ്വഭാവം എന്നിവ കണക്കിലെടുത്തുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചട്ടപ്രകാരം അർഹതയുള്ളവർക്കാണു തെറ്റുതിരുത്തൽ പ്രക്രിയയുടെ ഭാഗമായി അവധി അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.