എം.ആർ. അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം
Thursday, December 19, 2024 2:27 AM IST
തിരുവനന്തപുരം: വിവാദമായ തൃശൂർ പൂരം കലക്കലും ആർഎസ്എസ് നേതാക്കളെ സന്ദർശിച്ചതും അനധികൃത സ്വത്തു സന്പാദനവും അടക്കമുള്ള അന്വേഷണം നേരിടുന്ന എഡിജിപി എം.ആർ. അജിത്കുമാറിനെ ഒഴിവു വരുന്നതിന് അനുസരിച്ച് ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുള്ള ശിപാർശ മന്ത്രിസഭ അംഗീകരിച്ചു.
സിപിഐ മന്ത്രിമാരുടെ വാദങ്ങളെ തള്ളിയാണ് മന്ത്രിസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫയൽ അംഗീകരിച്ചത്. ഇതോടെ വിജിലൻസ് കേസെടുത്ത് അന്വേഷണം നടത്തിയാലും അജിത്കുമാറിന്റെ സ്ഥാനക്കയറ്റം തടയുന്ന സാഹചര്യമുണ്ടാവില്ല.
എം.ആർ. അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകാനുള്ള ശിപാർശ അംഗീകരിച്ചതു വഴി ആർഎസ്എസ്-സിപിഎം അന്തർധാരയാണ് പുറത്തു വരുന്നതെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. ആർഎസ്എസ് നേതാക്കളെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായിരുന്ന എം.ആർ. അജിത്കുമാർ പല തവണ കണ്ടതു വിവാദമായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്കെതിരേയുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണം ലഘൂകരിക്കാനാണ് അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതെന്ന് അന്ന് ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഒഴിവ് ഇല്ലാതിരുന്നിട്ടും അജിത്തിന് ഒഴിവു വരുന്ന മുറയ്ക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നൽകാൻ മുൻകൂട്ടി സർക്കാർ തീരുമാനമെടുത്തതെന്ന ആരോപണം പ്രതിപക്ഷം കടുപ്പിച്ചത്.
ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതിയുടെ സ്ഥാനക്കയറ്റ ശിപാർശ ഫയൽ മുഖ്യമന്ത്രിയാണ് മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിച്ചത്. ആരോപണ വിധേയനായ ഉദ്യോഗസ്ഥനാണെന്നും അന്വേഷണം നേരിടുന്നുണ്ടെന്നും സിപിഐ മന്ത്രിമാർ പറഞ്ഞെങ്കിലും മാനദണ്ഡങ്ങൾ പരിശോധിച്ചുള്ള ഉന്നതാധികാര സമിതിയുടെ പോലീസ് ഉന്നത സ്ഥാനക്കയറ്റ ഫയൽ മന്ത്രിസഭയ്ക്ക് തടയാൻ കഴിയില്ലെന്ന വാദം മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടു വച്ചതോടെ ഫയൽ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. എന്നാൽ നേരത്തേ ഒട്ടേറെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ ശിപാർശ മന്ത്രിസഭ തടഞ്ഞിട്ടുണ്ട്.
ആരോപണവും അന്വേഷണവും
തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് അജിത്കുമാറിനെതിരേ ഡിജിപിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്.
അനധികൃത സ്വത്തു സന്പാദനം അടക്കമുള്ള വിഷയങ്ങളിൽ വിജിലൻസിന്റെ പ്രാഥമിക അന്വേഷണവും നടക്കുന്നു. വിമാനത്താവളം വഴിയുള്ള സ്വർണം പൊട്ടിക്കൽ സംഘങ്ങളുമായി അജിത്കുമാറിന് ബന്ധമുണ്ടെന്ന ആരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്.