സർക്കാരിനു തിരിച്ചടി; എട്ട് നഗരസഭകളിലെ വാര്‍ഡ് പുനര്‍വിഭജനം കോടതി റദ്ദാക്കി
Thursday, December 19, 2024 2:23 AM IST
കൊച്ചി: സംസ്ഥാനത്തെ എട്ട് നഗരസഭകളിലെയും ഒരു പഞ്ചായത്തിലെയും വാര്‍ഡ് പുനര്‍വിഭജനം ഹൈക്കോടതി റദ്ദാക്കി.
പാനൂര്‍, മട്ടന്നൂര്‍, മുക്കം, പയ്യോളി, ഫറോഖ്, കൊടുവള്ളി, ശ്രീകണ്ഠപുരം, പട്ടാമ്പി നഗരസഭകളിലെയും പടന്ന ഗ്രാമപഞ്ചായത്തിലെയും വാര്‍ഡുകള്‍ വിഭജിച്ച് സീറ്റുകള്‍ വര്‍ധിപ്പിച്ച നടപടിയാണ് ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസ് റദ്ദാക്കിയത്. വാര്‍ഡ് വിഭജനം അശാസ്ത്രീയമാണെന്നു ചൂണ്ടിക്കാട്ടി നല്കിയ ഹര്‍ജികളിലാണ് ഉത്തരവ്.
2011ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ അടിസ്ഥാനത്തില്‍ 2015ല്‍ വാര്‍ഡ് വിഭജനം നടത്തിയയിടങ്ങളില്‍ വീണ്ടും അതേ സെന്‍സസ് ആധാരമാക്കിയുള്ള പുനര്‍നിര്‍ണയം മുനിസിപ്പാലിറ്റി, പഞ്ചായത്തിരാജ് നിയമങ്ങളിലെ വകുപ്പിന്റെ 6(2)ലംഘനമാണെന്നു വ്യക്തമാക്കിയാണ് കോടതി നടപടി.
വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 10ന് ഇറക്കിയ വിജ്ഞാപനവും സെപ്റ്റംബര്‍ 24ലെ ഡീലിമിറ്റേഷന്‍ കമ്മീഷന്റെ മാര്‍ഗരേഖയും കോടതി അസാധുവാക്കി. സര്‍ക്കാര്‍ നടപ്പാക്കിയ നിയമഭേദഗതികള്‍ ഹര്‍ജിയില്‍ ഉള്‍പ്പെട്ട തദ്ദേശസ്ഥാപനങ്ങളുടെ കാര്യത്തില്‍ നിലനില്‍ക്കില്ലെന്നു വ്യക്തമാക്കിയ കോടതി തുടര്‍ന്നാണ് വാര്‍ഡ് വിഭജന നടപടികള്‍ റദ്ദാക്കിയത്.
വാര്‍ഡുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയവും സീറ്റുകളുടെ വര്‍ധനയും യഥാര്‍ഥ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ വേണമെന്നാണു വ്യവസ്ഥയെന്ന് ഹര്‍ജിയില്‍ പറയുന്നു. പുതിയ സെന്‍സസ് അടുത്തവര്‍ഷം പൂര്ത്തിയാകുമെന്നിരിക്കേ, ഈ ഘട്ടത്തില്‍ പുനര്‍നിര്‍ണയം നടത്തിയ നടപടി നിലനില്‍ക്കില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
ചില തദ്ദേശസ്ഥാപനങ്ങളില്‍ മാത്രം നഗരവത്കരണം കണക്കിലെടുത്താണ് 2015ല്‍ വിഭജനം നടത്തിയതെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിനും ഡീലിമിറ്റേഷന്‍ കമ്മീഷനും സ്വതന്ത്രാധികാരമുണ്ടെന്നും വാദിച്ചു. എന്നാല്‍, മുമ്പ് ഉപയോഗിച്ച കണക്കുകളുടെ അടിസ്ഥാനത്തില്‍ രണ്ടാമതും വാര്‍ഡുകള്‍ പുനര്‍നിര്‍ണയിക്കുന്നത് നിയമവ്യവസ്ഥയ്ക്ക് കടകവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ഈ വാദം കോടതി തള്ളി.