തോമസ് ഐസക്കിന്റെ ചട്ടവിരുദ്ധ നിയമനം കോടതിയിലേക്ക്
Thursday, December 19, 2024 2:23 AM IST
തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ ധനമന്ത്രിയുമായ ടി.എം. തോമസ് ഐസക്കിനെ വിജ്ഞാന കേരളം മിഷന്റെ ഉപദേശകനായി നിയമിച്ചത് ചോദ്യംചെയ്ത് ഹൈക്കോടതിയിൽ ഹർജി.
പൊതു പ്രവർത്തകനായ പായ്ചിറ നവാസാണ് അഡ്വക്കേറ്റ് അഖിൽ സുശീന്ദ്രൻ മുഖേനെ ഹർജി നൽകിയത്. ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വാദം കേൾക്കും.വിജ്ഞാന കേരളം പദ്ധതിയുടെ ഉപദേശകനായി ഐസക്കിനെ കഴിഞ്ഞ ദിവസമാണ് നിയമിച്ചത്.
പ്രതിഫലം ഇല്ലാതെയാണ് ഐസക്കിനെ നിയമിച്ചതെങ്കിലും പ്രതിമാസം 1.5 ലക്ഷം രൂപയോളം മറ്റു രീതികളിൽ സർക്കാരിന് ചെലവാകുമെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. 70,000 രൂപയുടെ ഇന്ധനം, ഡ്രൈവർക്ക് കരാർ വ്യവസ്ഥയിൽ നിയമനം. സർക്കാർ നിശ്ചയിച്ച നിരക്കിൽ ഇവർക്ക് ശന്പളവും ദിനബത്തയും ലഭിക്കുമെന്നും ഉത്തരവിൽ പറയുന്നു.
നിയമനം ചട്ടവിരുദ്ധമാണെന്നാണു പ്രധാന വാദം. ആസൂത്രണ സാന്പത്തികകാര്യ (ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ) എന്നൊരു വകുപ്പില്ല. ഇത് ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനമാണ്. സർക്കാർ ഉത്തരവിറക്കാൻ വകുപ്പുകൾക്കു മാത്രമേ അധികാരമുള്ളൂവെന്നും ഹർജിയിൽ പറയുന്നു.