ഉരുൾപൊട്ടൽ ദുരന്തം: കെസിബിസി നല്കുന്ന 100 ഭവനങ്ങളുടെ നിര്‍മാണോദ്ഘാടനം ഇന്ന്
Thursday, December 19, 2024 2:23 AM IST
കോട്ടയം: വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലും കോഴിക്കോട് വിലങ്ങാടും ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെടുകയും പുരയിടവും വസ്തുവകകളും നാമാവശേഷമാവുകയും ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് കേരള കത്തോലിക്കാ സഭ നല്കുന്ന 100 ഭവനങ്ങളുടെ നിര്‍മാണോദ്ഘാടനം ഇന്നു നടക്കും.
വൈകുന്നേരം നാലിനു ബിഷപ് മാര്‍ ജോസ് പൊരുന്നേടത്തിന്റെ അധ്യക്ഷതയില്‍ മാനന്തവാടി രൂപതയിലെ തോമാട്ടുചാലിലും വൈകുന്നേരം ആറിനു ബിഷപ് ഡോ. ജോസഫ് മാര്‍ തോമസിന്റെ അധ്യക്ഷതയില്‍ ബത്തേരിയിലും 20ന് വൈകുന്നേരം അഞ്ചിന് താമരശേരി രൂപതയിലെ വിലങ്ങാട് കെആര്‍എല്‍സിബിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലിന്റെ അധ്യക്ഷതയിലും കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം നിര്‍വഹിക്കും.
കെസിബിസി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല അനുഗ്രഹ പ്രഭാഷണവും ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ആമുഖപ്രഭാഷണവും നടത്തും.