തോമസിനെ മന്ത്രിയാക്കാൻ കഴിയില്ലെന്നു സിപിഎം
Thursday, December 19, 2024 2:23 AM IST
തിരുവനന്തപുരം : എൻസിപിയുടെ കുട്ടനാട് എംഎൽഎ തോമസ് കെ. തോമസിനെ നിലവിലെ സാഹചര്യത്തിൽ മന്ത്രിയാക്കാൻ കഴിയില്ലെന്നു സിപിഎം.
നൂറു കോടി രൂപയുടെ കൂറുമാറ്റ അഴിമതി ആരോപണം തോമസിന്റെ പേരിൽ ഉള്ളതിനാൽ മന്ത്രിയാക്കാൻ സാധിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത നിലപാടാണു എൻസിപിയെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാടു തന്നെയാണു സിപിഎം സംസ്ഥാന നേതൃത്വത്തിനുമുള്ളത്. എന്നാൽ, മന്ത്രിയെ തീരുമാനിക്കാനുള്ള അവകാശം എൻസിപിക്കുണ്ടെന്നും തോമസ് കെ. തോമസിനെ മന്ത്രിയാക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനം നടപ്പിലാക്കണമെന്നുമാണ് എൻസിപിയുടെ നിലപാട്.
എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കാൻ എൻസിപി സംസ്ഥാന ഘടകത്തിനു പാർട്ടി ദേശീയ അധ്യക്ഷൻ ശരത്പവാറിന്റെ അനുമതിയുണ്ടായിരുന്നു. പാർട്ടി തീരുമാനം എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ മുഖ്യമന്ത്രിയെയും സിപിഎം നേതൃത്വത്തേയും അറിയിച്ചിട്ടു മാസങ്ങളായി.
ഇതിനിടെ, കൂറുമാറ്റ അഴിമതി ആരോപണം പുറത്തുവന്നതോടെ തോമസിന്റെ മന്ത്രിസ്ഥാനം പരുങ്ങലിലായി. പാർട്ടി തീരുമാനമനുസരിച്ചു താൻ മന്ത്രിസ്ഥാനം രാജിവയ്ക്കാമെന്നു എ.കെ.ശശീന്ദ്രൻ പലകുറി പറഞ്ഞെങ്കിലും തോമസിനെതിരേയുള്ള പരാതികൾ മുഖ്യമന്ത്രിയുടെ മുന്പിൽ എത്തിച്ചതിനു പിന്നിൽ ശശീന്ദ്രനാണെന്നാണ് എൻസിപിയിലെ ഒരു വിഭാഗം നേതാക്കൾ കരുതുന്നത്. ഈ വിഭാഗമാണ് ഇപ്പോൾ തോമസിനെ മന്ത്രിയാക്കാൻ അനുവദിച്ചില്ലെങ്കിൽ പാർട്ടിയുടെ മന്ത്രിസ്ഥാനം വേണ്ടെന്നുവയ്ക്കണമെന്ന് പി.സി. ചാക്കോയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ, മന്ത്രിസ്ഥാനം സംബന്ധിച്ചു തീരുമാനമെടുക്കേണ്ടത് എൻസിപിയാണെന്നാണ് ഇടതു മുന്നണി കണ്‍വീനർ ടി.പി. രാമകൃഷ്ണൻ ഇന്നലെ പ്രതികരിച്ചത്. തോമസ് കെ. തോമസിനെ മന്ത്രിയാക്കാനുള്ള പാർട്ടി തീരുമാനം പി.സി. ചാക്കോ ഇടതുമുന്നണി യോഗത്തിലും അറിയിച്ചിരുന്നു. തങ്ങൾക്കു നീതികിട്ടിയില്ലെന്ന പരിഭവത്തിലാണ് എൻസിപി. വിഷയം ഇടതുമുന്നണി യോഗം വിളിച്ചു ചർച്ച ചെയ്യണമെന്നു പി.സി. ചാക്കോ കണ്‍വീനർ ടി.പി. രാമകൃഷ്ണനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മന്ത്രിമാറ്റം ദേശീയ നേതൃത്വം തീരുമാനിക്കും: തോമസ് കെ. തോമസ്
കൊച്ചി: എൻസിപി ദേശീയ പ്രസിഡന്റ് ശരദ് പവാര്‍ വിളിപ്പിച്ചിട്ടാണു ഡല്‍ഹിയില്‍ കൂടിക്കാഴ്ചയ്ക്കു പോയതെന്ന് തോമസ് കെ. തോമസ് എംഎല്‍എ.
സംസ്ഥാന സമിതി യോഗത്തിനുശേഷം നേരില്‍ കാണാന്‍ ശരദ് പവാര്‍ നിര്‍ദേശിച്ച പ്രകാരമാണു ഡല്‍ഹിയിലെത്തിയത്. മന്ത്രിമാറ്റം സംബന്ധിച്ച തീരുമാനങ്ങള്‍ കേന്ദ്രനേതൃത്വം സ്വീകരിക്കും. ഇതുസംബന്ധിച്ച് ഇവിടെ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയെ ഉടന്‍ താന്‍ കാണുന്നുണ്ട്. വിവാദങ്ങളിലേക്കു കടക്കരുതെന്ന് കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശമുണ്ട്. പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ അതു നടപ്പാക്കാന്‍ കഴിയുമെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി തോമസ് കെ. തോമസ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.