കലോത്സവത്തിലെ വിധിനിർണയത്തിനെതിരേ പരസ്യ പ്രതിഷേധങ്ങൾ നടത്തുന്നത്
അന്തസിനു നിരക്കാത്തത്: മന്ത്രി വി. ശിവൻകുട്ടി
Thursday, December 19, 2024 2:23 AM IST
തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിന്റെ വിധിനിർണയത്തിൽ പരാതിയുള്ളവർക്ക് സ്കൂൾ തലം മുതൽ അപ്പീൽ നല്കാൻ അവസരമുള്ളപ്പോൾ വിധിനിർണയത്തിനെതിരേ പരസ്യ പ്രതിഷേധങ്ങൾ നടത്തുന്നത് കലോത്സവത്തിന്റെ അന്തസിന് നിരക്കാത്തതാണെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
ഇത്തരം പ്രതിഷേധ പ്രകടനങ്ങളിൽ നിന്നു വിദ്യാർഥികളെ മാറ്റി നിർത്താൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണമെന്നും കലോത്സവ മാനുവൽ അനുസരിച്ച് പെരുമാറാൻ വിദ്യാർഥികളും അധ്യാപകരും തയാറാകണമെന്നും മന്ത്രി പറഞ്ഞു.
മത്സരങ്ങളിലെ വിധിനിർണയവുമായി ബന്ധപ്പെട്ട് അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും അധികൃതരെ തടഞ്ഞു വെയ്ക്കുകയും ചെയ്യുന്ന പ്രവണത ചിലയിടങ്ങളിൽ കണ്ടു. ഇത് കലോത്സവത്തിന്റെ ആരോഗ്യകരമായ അന്തരീക്ഷത്തിന് വിഘാതം സൃഷ്ടിക്കുന്നുണ്ട്.
കലോത്സവത്തിന്റെ വിധി നിർണയവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് സ്കൂൾതലം മുതൽ റവന്യു തലം വരെ അപ്പീൽ നൽകുന്നതിന് അവസരം നൽകിയിട്ടുണ്ട്. അപ്പീൽ തീർപ്പിൽ എതിർ അഭിപ്രായം ഉണ്ടാകുന്ന സാഹചര്യത്തിൽ മത്സരാർഥികൾ കോടതിയെയും സമീപിക്കുന്നുണ്ട്.
ഇത്രയും സൗകര്യങ്ങൾ ഉണ്ടായിരിക്കെ പരസ്യമായ പ്രതിഷേധ പ്രകടനങ്ങൾ കലോത്സവത്തിന്റെ അന്തസിന് തന്നെ നിരക്കാത്തതാണെന്നും ഇത് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.