അനധികൃത ഫ്ലക്സ് ബോര്‍ഡുകള്‍: തദ്ദേശ സെക്രട്ടറിമാരില്‍നിന്ന് പിഴ ഈടാക്കണമെന്നു കോടതി
Thursday, December 19, 2024 2:23 AM IST
കൊച്ചി: അനധികൃത ഫ്ലക്സ് ബോര്‍ഡുകള്‍ക്ക് പിഴ ചുമത്താത്ത പക്ഷം തദ്ദേശസ്ഥാപന സെക്രട്ടറിമാരില്‍നിന്ന് തുക ഈടാക്കണമെന്നു ഹൈക്കോടതി നിര്‍ദേശം.
കേസെടുക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ബന്ധപ്പെട്ട സ്റ്റേഷന് ഹൗസ് ഓഫീസര്‍ ഉത്തരവാദിയായിരിക്കുമെന്ന് വ്യക്തമാക്കി സംസ്ഥാന പോലീസ് മേധാവി ഏഴു ദിവസത്തിനകം സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് നിര്‍ദേശിച്ചു. അനധികൃത ബോര്‍ഡുകളും കൊടികളും നീക്കം ചെയ്യുന്നതില്‍ കര്‍ശന നടപടി സ്വീകരിച്ച സര്‍ക്കാരിനെ കോടതി അഭിനന്ദിച്ചു.
കോടതി ഉത്തരവിനെത്തുടര്‍ന്ന് ഒരു ലക്ഷത്തോളം ബോര്‍ഡുകളും കൊടികളും നിരത്തില്‍നിന്നു നീക്കം ചെയ്തതായി ഓണ്‍ലൈനില്‍ ഹാജരായ തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫ് വിശദീകരിച്ചു.
അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച് ഡിസംബര്‍ പത്തിനും 12 നും സര്‍ക്കുലറും 13ന് വകുപ്പുതല നിര്‍ദേശവും പുറപ്പെടുവിച്ചതായും അറിയിച്ചു. നീക്കിയവ വീണ്ടും വരാതിരിക്കുന്നുവെന്ന് ഉറപ്പാക്കണം. അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യാനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലറുകള്‍ തുടര്‍ന്നും ബാധകമാണെന്നു വ്യക്തമാക്കി പുതിയ സര്‍ക്കുലറും പുറപ്പെടുവിക്കണം.
പൊതുനന്മയാണ് കോടതി ആഗ്രഹിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ ബോര്‍ഡുകളും കൊടികളും സ്ഥാപിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ത്തിയാല്‍ മറ്റെല്ലാവരും നിര്‍ത്തും.
ബോര്‍ഡുകളൊന്നുമില്ലാത്ത നവകേരളമാണു വേണ്ടത്. അനധികൃത ബോര്‍ഡുകളും കൊടികളും വ്യാപക അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട്. അനധികൃത ബോര്‍ഡുകള്‍ നീക്കിയതിലൂടെ തിരുവനന്തപുരത്തു മാത്രം ലഭിച്ച ഒമ്പത് ടണ്‍ മാലിന്യം എങ്ങനെ നീക്കം ചെയ്യും.
5000 രൂപ വീതം പിഴ ചുമത്തിയിരുന്നെങ്കില്‍ സര്‍ക്കാരിന് കോടിക്കണക്കിന് രൂപ കിട്ടുമായിരുന്നു. അനധികൃത ബോര്‍ഡുകള്‍ക്ക് പിഴ ചുമത്തിയതിലൂടെ എത്ര രൂപ ലഭിച്ചുവെന്ന് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.