നഴ്സിംഗ് വിദ്യാര്‍ഥിനിയുടെ മരണം; ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ല, മരണത്തിൽ ദുരൂഹത: ബന്ധുക്കള്‍
Thursday, December 19, 2024 2:23 AM IST
കോഴിക്കോട്: കോഴിക്കോട്ട് സര്‍ക്കാര്‍ നഴ്സിംഗ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ കോട്ടയം കിടങ്ങൂര്‍ തൈക്കാട് ഹൗസില്‍ രാധാകൃഷ്ണന്റെ മകള്‍ ലക്ഷ്മി(23)യുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കള്‍.
ലക്ഷ്മിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ബന്ധു ഹരിപ്രസാദ് പറഞ്ഞു. ഞായറാഴ്ചയാണ് നാട്ടില്‍നിന്നു ലക്ഷ്മി കോഴിക്കോട്ടേക്കു മടങ്ങിയത്. ഈ ശനിയാഴ്ച തിരിച്ചു വീട്ടിലേക്കു വരുമെന്നും പറഞ്ഞിരുന്നു.
ലക്ഷ്മി ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം നിലവിലില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ലക്ഷ്മിയുടെ മരണം സംബന്ധിച്ച് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കുമെന്നും ബന്ധുക്കള്‍ പറഞ്ഞു.
പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പൊതുദര്‍ശനത്തിനുവച്ചു. അതിനുശേഷം കോട്ടയത്തേക്കു കൊണ്ടുപോയി. ലക്ഷ്മിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യതന്നെയാണെന്ന നിഗമനത്തിലാണു പോലീസ്.
ആത്മഹത്യയുടെ കാരണങ്ങളെക്കുറിച്ചറിയാന്‍ ലക്ഷ്മിയുടെ ഫോണിലെ വിളികളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ലക്ഷ്മിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി ശേഖരിക്കാനും നടപടി ആരംഭിച്ചു.
ലക്ഷ്മിയെ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.