എം.എം. ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്
Thursday, December 19, 2024 2:23 AM IST
കൊച്ചി: സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് മക്കളായ ആശാ ലോറന്‍സും സുജാതയും നല്കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി.
വിഷയം മധ്യസ്ഥചര്‍ച്ചയില്‍ തീരുമാനമാകാത്തതിനെത്തുടര്ന്നാണു ഹൈക്കോടതി വിധി പറഞ്ഞത്. മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലെ വൈദ്യപഠനത്തിന് വിട്ടുനല്‍കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് നിലനില്‍ക്കുന്നതാണെന്നും ഡിവിഷന് ബെഞ്ച് പറഞ്ഞു.
മൃതദേഹം മെഡിക്കല്‍ പഠനത്തിനു വിട്ടുനല്‍കണമെന്നായിരുന്നു ലോറന്‍സിന്റെ ആഗ്രഹമെന്ന് മകന് എം.എല്‍. സജീവിനോടു പറഞ്ഞതായി രണ്ടു സാക്ഷികള്‍ നല്കിയ മൊഴി പരിഗണിച്ചാണ് സിംഗിള്‍ ബെഞ്ച് ഉത്തരവുണ്ടായത്.
എന്നാല്‍, കുടുംബവും കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട വിവാഹ, ജനന, മരണ ചടങ്ങുകളെല്ലാം പള്ളികളിലാണു നടന്നതെന്നും രോഗബാധിതനായി കിടന്ന സമയത്ത് ലോറന്‍സ് പ്രാര്‍ഥന സ്വീകരിച്ചിട്ടുണ്ടെന്നതുമടക്കം ചൂണ്ടിക്കാട്ടിയാണ് ആശയും സുജാതയും അപ്പീല്‍ നല്‍കിയത്.
ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിനെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മകള്‍ ആശാ ലോറന്‍സ് പറഞ്ഞു.