വനഭേദഗതിനിയമം പിൻവലിക്കണം; കർഷക കോണ്ഗ്രസ് സമരത്തിന്
Thursday, December 19, 2024 2:23 AM IST
തൃശൂർ: നിർദിഷ്ട വനഭേദഗതിനിയമം പിൻവലിക്കണമെന്നു കർഷക കോണ്ഗ്രസ്. 1961 ലെ വനനിയമം ഭേദഗതിചെയ്ത് വനം ഉദ്യോഗസ്ഥർക്കു പോലിസിന്റെ അമിതാധികാരം നൽകുന്നതു കർഷകർക്കു വൻതിരിച്ചടിയാകുമെന്നു നേതാക്കൾ ചൂണ്ടിക്കാട്ടി.
വനനിയമഭേദഗതി ബിൽ കത്തിച്ച് ഇന്നു സംസ്ഥാനവ്യാപകമായി പ്രതിഷേധിക്കും. വനംവകുപ്പ് ഓഫിസുകളിലേക്കും ജില്ലാ ആസ്ഥാനങ്ങളിലേക്കും മാർച്ചും ധർണയും നടത്തും.
വാറന്റില്ലാതെ പരിശോധന നടത്താനും അനധികൃതമായി ആരെയും തടങ്കലിൽ വയ്ക്കാനും വനം ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്പോൾ അതിന്റെ കെടുതി ഏറ്റുവാങ്ങേണ്ടിവരുന്നതു കർഷകരും ആദിവാസികളുമാണെന്നു നേതാക്കൾ പറഞ്ഞു. വന്യജീവി ആക്രമണത്തിൽ ഭയന്നുജീവിക്കുന്ന കർഷകർക്കു കൂടുതൽ ഭീഷണിയുണ്ടാക്കുന്നതാണു പുതിയ നിയമം.
മലയോരമേഖലളകിൽ ജീവിക്കുന്ന കർഷകരെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിന്റെ തുടക്കമാണ് പുതിയ നിയമമെന്നും ജില്ലാ പ്രസിഡന്റ് രവി പോലുവളപ്പിൽ, സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോവിന്ദൻകുട്ടി, എ.ആർ. സുകുമാരൻ എന്നിവർ ചൂണ്ടിക്കാട്ടി.
വനാതിർത്തിയോടു ചേർന്നുകിടക്കുന്ന പഞ്ചായത്തുകളിലെ ലക്ഷക്കണക്കിനു കർഷകരെ ദോഷകരമായി ബാധിക്കുന്ന വിജ്ഞാപനം പിൻവലിക്കണം. കർഷകസംഘടനകളുമായും വിശദചർച്ച നടത്താതെയാണ് കരടുബിൽ കൊണ്ടുവരുന്നത്.
തീർത്തും കർഷകവിരുദ്ധമായ ബില്ലാണ് തയാറാക്കിയിട്ടുള്ളതെന്നും നേതാക്കൾ വിമർശിച്ചു.