മോദി ഭരണത്തിൽ രാജ്യത്തിന്റെ സന്പത്ത് അദാനിക്ക് തീറെഴുതി: കെ. സുധാകരൻ
Thursday, December 19, 2024 2:23 AM IST
തിരുവനന്തപുരം: നരേന്ദ്ര മോദി ഭരണത്തിൽ രാജ്യത്തിന്റെ സന്പത്ത് കോർപ്പറേറ്റ് ഭീമനായ അദാനി അമ്മാനമാടുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി.
അദാനി കന്പനി നടത്തിയ സാന്പത്തിക-ഓഹരി ക്രമക്കേട്, കള്ളപ്പണം വെളുപ്പിക്കൽ അഴിമതി, വഞ്ചന എന്നിവയിൽ അന്വേഷണം നടത്താനും മണിപ്പുരിൽ തുടരുന്ന സംഘർഷം അവസാനിപ്പിക്കാനും കേന്ദ്ര സർക്കാർ തയാറാകുന്നില്ലെന്നാരോപിച്ച് എഐസിസിയുടെ ആഹ്വാനമനുസരിച്ച് കെപിസിസിയുടെ നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിദേശത്ത് കടലാസ് കന്പനികൾ രൂപീകരിച്ച് അവയിലൂടെ സ്വന്തം കന്പനികളുടെ ഓഹരികളിലേക്ക് അദാനി ഗ്രൂപ്പ് വൻനിക്ഷേപം നടത്തിയെന്നും അതുവഴി അവരുടെ കന്പനികളിലെ ഓഹരിവില കൃത്രിമമായി പെരുപ്പിച്ചുവെന്നുമാണ് പ്രധാന ആരോപണം. അദാനി കന്പനികളിലെ ഓഹരികൾ ചുരുങ്ങിയ സമയത്തിനുള്ളിൽ കുതിച്ചുകയറിയത് ഇത്തരം തട്ടിപ്പുകളിലൂടെയാണ്. സാധാരണക്കാരന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ അവരെ ചവിട്ടിമെതിച്ചാണ് മോദി-അദാനി കൂട്ടുകെട്ട് മുന്നേറുന്നത്.
മണിപ്പുർ കഴിഞ്ഞ 18 മാസമായി കത്തിയെരിഞ്ഞിട്ടും പ്രധാനമന്ത്രി ഇതുവരെ അവിടേക്ക് തിരിഞ്ഞു നോക്കിയില്ല. ലോകം മുഴുവൻ കറങ്ങുന്ന പ്രധാനമന്ത്രിയാണ് മണിപ്പുർ സന്ദർശിക്കാൻ തയാറാകാത്തത്. അവിടെ സമാധാനം പുനഃസ്ഥാപിക്കാൻ ബിജെപി ഭരിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറായില്ലെന്നും സുധാകരന് പറഞ്ഞു.
രാജ്യത്തിന്റെ പൊതുമുതൽ കൊള്ളയടിക്കാൻ മോദി ഭരണകൂടം അദാനിക്ക് കൂട്ടുനിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം. ലിജു അധ്യക്ഷത വഹിച്ചു. എഐസിസി സെക്രട്ടറി വി.കെ. അറിവഴകൻ, കെ. മുരളീധരൻ, ഡിസിസി പ്രസിഡന്റ് പാലോട് രവി എന്നിവർ പ്രസംഗിച്ചു.