“പഴയ ബില്ലുകളെല്ലാം എവിടെനിന്നു കൊണ്ടുവരുന്നു?”; സഹായത്തിനു പണം ചോദിച്ചതിൽ വിമർശനവുമായി കോടതി
Thursday, December 19, 2024 2:23 AM IST
കൊച്ചി: വയനാട് അടക്കം ദുരന്തമുണ്ടായപ്പോള്‍ കേന്ദ്രസേന നടത്തിയ എയര്‍ ലിഫ്റ്റിംഗിന്റേതടക്കം തുക ആവശ്യപ്പെട്ടു ബില്‍ അയച്ച നടപടിയില്‍ കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമര്‍ശനം. 132.61 കോടി രൂപ അടയ്ക്കാനാണ് ആവശ്യം. ഇതു വയനാട് ദുരന്തത്തിന്റെ മാത്രം തുകയല്ല, ഇതിനുമുമ്പ് നടത്തിയതിന്റെ തുകകൂടി ഒന്നിച്ചാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
എയര്‍ ലിഫ്റ്റിംഗിന്റെ വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ബില്‍ എന്താണ് ഇപ്പോള്‍ ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചു. 2016ലെ ബില്ലടക്കം തീര്‍ക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്. വയനാട് ദുരന്തത്തിനു പിന്നാലെ ഇത്തരമൊരു ബില്‍ നല്‍കിയത് എന്തു മാനസികാവസ്ഥയാണ്.
ദുരന്തത്തില്‍ സഹായം നല്‍കേണ്ട സമയത്ത് പഴയ ബില്ലുകളെല്ലാം എവിടെനിന്ന് കൊണ്ടുവരുന്നുവെന്ന് കേന്ദ്രത്തോട് കോടതി ചോദിച്ചു. മുമ്പ് നടത്തിയ എയര്‍ ലിഫ്റ്റിംഗിന്റെയടക്കം ബില്‍ അടയ്ക്കുന്നതിന് സംസ്ഥാനസര്‍ക്കാര്‍ സാവകാശം തേടിയതിനെത്തുടര്‍ന്ന് കോടതി ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടി.
2021 മേയ് വരെ നടത്തിയ എയര്‍ ലിഫ്റ്റിംഗിന്റെ ബില്‍ അടയ്ക്കുന്നതില്‍ കേന്ദ്രം സാവകാശം അനുവദിച്ചാല്‍ 181 കോടിയോളം രൂപ ചൂരല്‍മല, മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള അടിയന്തര ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാനാകുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഡിസംബര്‍ പത്തു വരെയുള്ള കണക്ക് പ്രകാരം 700.5 കോടി രൂപ എസ്ഡിആര് ഫണ്ടിലുണ്ടെങ്കിലും ഇതില്‍ വിവിധ പദ്ധതികള്‍ക്കായി അനുവദിച്ച തുക കഴിഞ്ഞ് ബാക്കിയുള്ളത് 61.03 കോടിയാണെന്ന് അഡ്വക്കറ്റ് ജനറല്‍ അറിയിച്ചു.
എസ്ഡിആര്‍എഫിലെ തുക വിനിയോഗിക്കുന്നതില്‍ മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കേണ്ടതുണ്ടെന്നും അറിയിച്ചു. ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയയ്ക്കുമെന്ന് ഇതിന്റെ പകര്‍പ്പ് ഹാജരാക്കി എജി അറിയിച്ചു. ഇന്നലെത്തന്നെ കത്ത് അയയ്ക്കാന്‍ കോടതിയും നിര്‍ദേശം നല്കി. വിഷയം ജനുവരി പത്തിന് വീണ്ടും പരിഗണിക്കാനായി മാറ്റി.