ആസാമിലെ യുഎപിഎ കേസ്: പ്രതി കാഞ്ഞങ്ങാട്ട് അറസ്റ്റില്‍
Thursday, December 19, 2024 2:23 AM IST
കാഞ്ഞങ്ങാട്: ആസാമിലെ യുഎപിഎ കേസ് പ്രതി കാഞ്ഞങ്ങാട്ട് അറസ്റ്റില്‍. ബംഗ്ലാദേശ് പൗരനായ എം.ബി. ഷാബ്ഷേഖിനെ (32)ആണ് ആസാം ടാസ്ക് ഫോഴ്സ് പടന്നക്കാട്ടെ ക്വാര്‍ട്ടേഴ്സില്‍നിന്ന് അറസ്റ്റ് ചെയ്തത്.
ആസാമില്‍നിന്നു വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ട് കരസ്ഥമാക്കിയതിനാണു ഷാബ്ഷേഖിനെതിരേ യുഎപിഎ നിയമപ്രകാരം കേസെടുത്തത്. ഇതേത്തുടര്‍ന്ന് ഇയാള്‍ അവിടെനിന്ന് മുങ്ങി. കണ്ടെത്താന്‍ ആസാം പോലീസും എന്‍ഐഎയും ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
പടന്നക്കാട് ഇയാള്‍ തേപ്പുപണിക്കാരനായി ജോലി ചെയ്യുകയായിരുന്നു. സമൂഹമാധ്യമത്തില്‍ ഇടയ്ക്കു പ്രത്യക്ഷപ്പെട്ടതോടെയാണ് അന്വേഷണസംഘത്തിന് ഇയാളുടെ താമസസ്ഥലത്തെക്കുറിച്ചു സൂചന ലഭിക്കുന്നത്. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചുവരികയാണ്. കേരളത്തില്‍നിന്ന് എന്തെങ്കിലും തരത്തില്‍ സഹായം കിട്ടിയോ എന്നും അന്വേഷിക്കുന്നുണ്ട്.