ചോദ്യപേപ്പര്‍ ചോര്‍ച്ച : ഡിഡിഇയുടെ മൊഴി രേഖപ്പെടുത്തി
Thursday, December 19, 2024 2:23 AM IST
കോഴിക്കോട്: ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ക്രൈംബ്രാഞ്ച് എസ്പി കെ.കെ. മൊയ്തീന്‍കുട്ടി കോഴിക്കോട് ഡിഡി ഇ സി. മനോജ്കുമാറിന്റെ മൊഴി രേഖപ്പെടുത്തി.
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ യൂട്യൂബ് ചാനലുകളെ സംശയമുണ്ടെന്ന് അദ്ദേഹം മൊഴി നല്കി. കൊടുവള്ളിയിലെ എംഎസ് സൊലൂഷന് ചോദ്യപേപ്പര്‍ ലഭിച്ചത് എങ്ങനെയെന്ന് അറിയില്ല. അധ്യാപകരുടെ പങ്കിനെക്കുറിച്ച് വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെ ഇന്നലെ വീണ്ടും ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കെഎസ്യു ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ് ആരോപിച്ചു. 40 മാര്‍ക്കിന്റെ കെമിസ്ട്രി ചോദ്യപേപ്പറില്‍ 32 മാര്‍ക്കും എംഎസ് സൊല്യൂഷന് പ്രവചിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടും സ്വകാര്യ ട്യൂഷന് സെന്ററുകളുടെ യൂട്യൂബ് ചാനലുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞിട്ടും വീണ്ടും യൂട്യൂബ് ചാനലിലൂടെ ചോദ്യപേപ്പര്‍ ചോര്‍ത്തുന്ന സ്വകാര്യ ട്യൂഷന് സെന്റര്‍ മാഫിയ ആഭ്യന്തര വകുപ്പിനെയും നിയമ സംവിധാനങ്ങളെയും വെല്ലുവിളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കാനോ നിലയ്ക്കു നിര്‍ത്താനോ സാധിക്കാത്തത് വിദ്യാഭ്യാസ വകുപ്പിന്റെ പരാജയമാണ്. ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന് വിദ്യാഭ്യാസ മന്ത്രി സ്ഥിരീകരിച്ചിട്ടും ഈ കാര്യത്തില്‍ ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണം മാത്രമാണു നടത്തുന്നത്. ഇതില്‍ എഫ്ഐആര്‍ ഇട്ട് കേസ് എടുക്കാത്തതു വിദ്യാഭ്യാസ വകുപ്പിന്റെ ഇരട്ടത്താപ്പാണ്.ക്രൈം ബ്രാഞ്ച് അന്വേഷണം എന്ന പുകമറ സൃഷ്ടിച്ച് രക്ഷപ്പെടാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ ശക്തമായ സമരപരിപാടികളുമായി കെഎസ്യു ജില്ലാ കമ്മിറ്റി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.
ചോദ്യപേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച് ഓണ്‍ലൈന്‍ സ്ഥാപനത്തിന് എതിരേ ഉയര്‍ന്ന ആരോപണം അന്വേഷിച്ച കൊടുവള്ളി എഇഎയുടെ മൊഴി അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും.