ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ഭാര്യയും ബേക്കലില്‍
Thursday, December 19, 2024 2:23 AM IST
കാസര്‍ഗോഡ്: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ഭാര്യ കല്പന സോറനും രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ബേക്കലില്‍ എത്തി.
താജ് ഹോട്ടലില്‍ താമസിക്കുന്ന അദ്ദേഹത്തിനു കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ചൊവ്വാഴ്ച രാത്രി ഇന്‍ഡോറില്‍നിന്നു പ്രത്യേക വിമാനത്തില്‍ മംഗളുരു വിമാനത്താവളത്തിലെത്തിയ അദ്ദേഹം കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് കാസര്‍ഗോട്ടേക്കു കാറില്‍ യാത്ര തിരിച്ചത്.
തലപ്പാടി സംസ്ഥാന അതിര്‍ത്തി കടന്ന ശേഷം ഹേമന്ത് സോറന്റെ സുരക്ഷ കേരളാ പോലീസ് ഏറ്റെടുത്തു.
കനത്ത പോലീസ് സുരക്ഷയില്‍ രാത്രി പതിനൊന്നോടെയാണ് ഹേമന്ത് സോറന് താജ് ഹോട്ടലില്‍ എത്തിയത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി. ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് താജ് ഹോട്ടലില്‍ ജാർഖണ്ഡ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയിട്ടുള്ളത്.
മാവോയിസ്റ്റ് ആക്രമണഭീഷണി നേരിടുന്നവരുടെ പട്ടികയിലുള്ള ഹേമന്ത് സോറന് നിലവില്‍ സെഡ് പ്ലസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.