കേരളത്തിന്റെ വികസനത്തില്‍ കേരള ബാങ്കിന് വലിയ പങ്ക്: മന്ത്രി വി.എന്‍. വാസവന്
Thursday, December 19, 2024 2:23 AM IST
കൊച്ചി: കേരളത്തിന്റെ സാമ്പത്തിക- സാംസ്കാരിക- സാമൂഹിക വളര്‍ച്ചയില്‍ കേരള ബാങ്ക് ശക്തമായ സാമ്പത്തിക പിന്തുണയാണെന്ന് മന്ത്രി വി.എന്‍. വാസവന്.
കേരള ബാങ്ക് ഭരണസമിതി അംഗങ്ങള്‍, ബോര്‍ഡ് ഓഫ് മാനേജ്മെന്റ് അംഗങ്ങള്‍, ചീഫ് ജനറല്‍ മാനേജര്‍മാര്‍, ജനറല്‍ മാനേജര്‍മാര്‍ എന്നിവര്‍ക്കായി എറണാകുളത്തു സംഘടിപ്പിച്ച ശില്പശാലയുടെ സമാപനത്തില്‍ കേരള ബാങ്കിന്റെ ഭാവിപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ആശയങ്ങളുടെ പ്രഖ്യാപനവും മാര്‍ഗനിര്‍ദേശവും നല്കി പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ ഉത്പാദന, സേവന, അടിസ്ഥാനസൗകര്യ വികസനത്തില്‍ കേരള ബാങ്ക് വലിയ പങ്ക് വഹിക്കുന്നുണ്ട്. സഹകരണ സ്ഥാപനങ്ങള്‍ സമാഹരിക്കുന്ന പണം നാടിന്റെ വികസനത്തിനായുള്ള സാമ്പത്തിക സ്രോതസാണെന്നും മന്ത്രി പറഞ്ഞു.
ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജോര്‍ട്ടി എം. ചാക്കോ, ബോര്‍ഡ് ഓഫ് മാനേജ്മെന്റ് ചെയര്മാന് വി. രവീന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
ശില്പശാലയുടെ ആദ്യദിവസം കേരള ബാങ്ക് വിഭാവനം, സാക്ഷാത്കാരം, ഭാവി പ്രവര്‍ത്തനങ്ങള്‍ എന്ന വിഷയത്തില്‍ മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി.