സ്കൂൾ ബസുകൾക്കു ഫിറ്റ്നസ് വേണ്ട; വിചിത്ര ഉത്തരവുമായി മോട്ടോർവാഹനവകുപ്പ്
Thursday, December 19, 2024 2:23 AM IST
റെനീഷ് മാത്യു
കണ്ണൂർ: സ്കൂൾ ബസുകൾക്കു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വേണ്ടന്ന വിചിത്ര ഉത്തരവുമായി മോട്ടോർ വാഹനവകുപ്പ്.
നിലവിൽ ഫിറ്റ്നസ് തീർന്ന് ഓടാതിരിക്കുന്ന സ്കൂൾ ബസുകൾക്കും വരും മാസങ്ങളിൽ ഫിറ്റ്നസ് തീരുന്ന സ്കൂൾ ബസുകൾക്കും ഫിറ്റ്നസ് കാലാവധി 2025 ഏപ്രിൽ മാസം വരെ നീട്ടി നല്‍കിയതായാണു മോട്ടോർ വാഹനവകുപ്പിന്റെ ഉത്തരവിൽ പറയുന്നത്. ഇനി അടുത്തവർഷം ഏപ്രിൽ, മേയ് മാസങ്ങളിൽ ഫിറ്റ്നസ് പരിശോധന നടത്തിയാൽ മതിയെന്നാണു പറയുന്നത്.
സംസ്ഥാനത്തെ പല സ്കൂളുകളിലെയും ബസുകളുടെ കാലാവധി 15 വർഷത്തിനു മുകളിലാണ്. ഏറ്റവും സുരക്ഷിതമായ സഞ്ചാരം നടത്തേണ്ടതാണു സ്കൂൾ ബസുകൾ.
വാഹനാപകടങ്ങൾ കൂടുന്ന പശ്ചാത്തലത്തിൽ ഫിറ്റ്നസ് കർശനമാക്കുന്ന സാഹചര്യത്തിലാണു സ്കൂൾ കുട്ടികളുടെ ജീവനു പുല്ലുവില നൽകിയുള്ള ഉത്തരവ്. ഫിറ്റ്നസില്ലാത്ത കാരണത്താൽ ചില ബസുകൾ ഓടാതെയും സ്കൂളുകളിൽ കിടക്കുന്നുണ്ട്. ഇത്തരം വാഹനങ്ങൾക്കു ഫിറ്റ്നസില്ലാതെ ഓടാമെന്നാണ് ഉത്തരവിൽ പറയുന്നത്.
കഴിഞ്ഞ അധ്യയനവർഷം ആരംഭിക്കുന്നതിനു മുന്‍പ് സ്കൂൾ ബസുകളിൽ നടത്തിയ പരിശോധനയിൽ ടയറുകൾ, വൈപ്പർ, എമർജൻസി വാതിലുകൾ എന്നിവയിൽ തകരാർ കണ്ടെത്തിയിരുന്നു.
സ്കൂൾ വാഹനങ്ങളുടെ നിയമലംഘനങ്ങൾ തടയാൻ കർശനനിർദേശം നടപ്പിലാക്കുന്നതിനിടെയാണു ഫിറ്റ്നസ് വേണ്ടെന്ന ഉത്തരവുമായി ഗതാഗതവകുപ്പ് രംഗത്തു വന്നിരിക്കുന്നത്.