അജിത്കുമാർ ഡിജിപിയാകുന്നത് വൈകും
Thursday, December 19, 2024 2:23 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: പോലീസിലെ വിവാദ നായകൻ എഡിജിപി എം.ആർ. അജിത്കുമാറിനെ ഒഴിവുവരുന്ന മുറയ്ക്ക് ഡിജിപി പദവിയിലേക്ക് ഉയർത്താനുള്ള ശിപാർശ മന്ത്രിസഭ അംഗീകരിച്ചെങ്കിലും അദ്ദേഹത്തിന്റെ സ്ഥാനക്കയറ്റം വൈകും.
അജിത് കുമാറിനു മുന്നിൽ രണ്ടു സീനിയർ എഡിജിപിമാരുള്ള സാഹചര്യത്തിലാണ് മന്ത്രിസഭ അംഗീകരിച്ച ഡിജിപി പദവിക്കായി കാത്തിരിക്കേണ്ടി വരിക. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുത്ത ബന്ധമാണ് അജിത്തിന്റെ ഡിജിപി ശിപാർശ നടപടിക്രമം വേഗത്തിലാക്കിയത്.
ഇനി എല്ലാ സാങ്കേതികതയും മറികടന്ന് അജിത്തിന് വേഗത്തിൽ ഡിജിപി പദവിയിലെത്തണമെങ്കിൽ നിലവിൽ ഡിജിപി തസ്തികയിലുള്ള ആരെയെങ്കിലും കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് അയയ്ക്കേണ്ടി വരും. അല്ലെങ്കിൽ സംസ്ഥാനത്തെ ഡിജിപി തസ്തികകളുടെ എണ്ണം ഉയർത്താൻ കേന്ദ്രാനുമതി നേടിയെടുക്കണം. അജിത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ ഒരേസമയം നല്ല ബന്ധമുള്ള സാഹചര്യത്തിൽ ഇത്തരം കളിക്കും സാധ്യതയേറെയാണെന്നാണ് മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നത്.
ഈ മാസം അവസാനം ഡിജിപി റാങ്കുള്ള സഞ്ജീവ് കുമാർ പട്ജോഷി വിരമിക്കുന്നുണ്ടെങ്കിലും എഡിജിപിമാരിൽ ആർക്കും സ്ഥാനക്കയറ്റം ലഭിക്കില്ല. ബിഎസ്എഫ് മേധാവി സ്ഥാനത്തുനിന്ന് കേന്ദ്രം മടക്കിഅയച്ച, ഡിജിപി പദവിയുള്ള നിതിൻ അഗർവാളിന്റെ നിയമനം ക്രമപ്പെടുത്തുകയാകും ചെയ്യുക.
സംസ്ഥാനത്ത് നാലു ഡിജിപി തസ്തികയാണ് കേന്ദ്രം അംഗീകരിച്ചിട്ടുള്ളത്. രണ്ടു കേഡർ തസ്തികയും രണ്ട് എക്സ് കേഡറും. ഇതിൽ സംസ്ഥാന പോലീസ് മേധാവിഷെയ്ഖ് ദർബേഷ് സാഹിബ്, വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത, ഫയർഫോഴ്സ് മേധാവി കെ. പത്മകുമാർ, നിതിൻ അഗർവാൾ എന്നിവരാകും ഉണ്ടാകുക. സംസ്ഥാന പോലീസ് മേധാവിയും ഫയർഫോഴ്സ് മേധാവിയുമാണ് ഡിജിപി കേഡർ തസ്തികകൾ.
കെ.പത്മകുമാർ ഏപ്രിലിൽ വിരമിക്കുന്നതോടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാം ഡിജിപിയാകും. 1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ മനോജിന് 2031 ജൂണ് വരെ കാലാവധിയുണ്ട്. അടുത്ത ഫെബ്രുവരിയോടെ കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള എസ്പിജി മേധാവി സുരേഷ് രാജ് പുരോഹിത് സംസ്ഥാനത്ത് മടങ്ങിയെത്തുന്നതായി അറിയിച്ചിട്ടുണ്ട്.
ജൂണിൽ പോലീസ് മേധാവി ഷെയ്ഖ് ദർബേഷ് സാഹിബിന്റെ കാലാവധി കഴിയുന്പോൾ സുരേഷ് രാജ് പുരോഹിത് ഡിജിപിയാകും. സുരേഷ് മടങ്ങിവന്നില്ലെങ്കിൽ അജിത്തിന് ജൂലൈ ഒന്നിന് ഡിജിപി പദവി ലഭിക്കും. സുരേഷ് എത്തിയാൽ അടുത്ത ഒഴിവു വരുന്ന 2026വരെ അജിത്തിനു കാത്തുനിൽക്കേണ്ടിവരും. അപ്പോഴേക്കും പുതിയ സർക്കാർ അധികാരത്തിലെത്താനും സാധ്യതയുണ്ട്.