സ്പാം കോളുകൾ ചെറുക്കാൻ ഡോണ്ട് ഡിസ്റ്റർബ് ആപ്പ് ഉടൻ
Thursday, December 19, 2024 2:23 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: മൊബൈൽ ഫോണുകളിൽ സ്പാം കോളുകളുടെ ഭീഷണി പ്രതിരോധിക്കാൻ ഡിഎൻഡി (ഡോണ്ട് ഡിസ്റ്റർബ്) ആപ്പ് പുറത്തിറക്കാൻ ടെലികോം റെഗുലേറ്ററി അഥോറിറ്റി ഒഫ് ഇന്ത്യ തയാറെടുപ്പുകൾ ആരംഭിച്ചു.
ഇതിന്റെ സാങ്കേതിക സാധ്യതകൾ സംബന്ധിച്ച് ട്രായ് അധികൃതർ വിദഗ്ധരുമായി ചർച്ച നടത്തി വരികയാണ്. നിരവധി സവിശേഷതകൾ ഉൾപ്പെടുന്ന ആപ്പ് രണ്ടു മാസത്തിനകം പ്രവർത്തനക്ഷമമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഉപഭോക്താക്കൾക്ക് സ്പാം കോളുകൾ സംബന്ധിച്ച പരാതികൾ ആപ്പ് വഴി രജിസ്റ്റർ ചെയ്യാം. ഇത് റിപ്പോർട്ടായി മൊബൈൽ സേവന ദാതാവിന് പോകും. അതുവഴി വിളിക്കുന്നവരെ തടയാൻ കഴിയും. ആപ്പിൽ ലഭിച്ച പരാതികളിന്മേൽ സ്വീകരിച്ച നടപടികളുടെ അപ്ഡേറ്റുകൾ പരിശോധിക്കാനും ഉപഭോക്താക്കൾക്ക് അവസരം ഉണ്ടാകും.
പിഴവുകൾ ഇല്ലാതെ സ്പാം കോളുകൾ പൂർണമായും തടയാൻ കഴിയുമോ എന്ന കാര്യത്തിൽ സാങ്കേതിക പരിശോധനകൾ നടന്നുവരികയാണ്.
ട്രായ് നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സ്പാം കോളുകൾ തടയുന്നതിന്റെ ഭാഗമായി മൊബൈൽ ഓപ്പറ്റേർമാർ 800-ൽ അധികം സ്ഥാപനങ്ങളെ നിലവിൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
18 ലക്ഷത്തിലധികം മൊബൈൽ നമ്പരുകളുടെ ഉറവിടങ്ങളും ഇതിന്റെ ഭാഗമായി ഇതിനകം വിഛേദിച്ചു. വാണിജ്യ കോളുകൾ ശുദ്ധീകരിക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പായാണ് ട്രായ് ഇതിനെ വിലയിരുത്തുന്നത്.